തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽ നിന്ന് 2 കോടിയോളം രൂപ മൂല്യം വരുന്ന പൗരാണിക ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ട കേസിന്റെ അന്വേഷണം കേരളത്തിന് പുറത്തേക്ക്. ആഭരണങ്ങൾ കേരളത്തിന് പുറത്തേക്ക് കടത്തിയോയെന്ന സംശയമാണ് ഉയരുന്നത്. പൗരാണിക ആഭരണങ്ങൾ വിൽക്കുന്നവരെയും വാങ്ങുന്നവരെയും കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ചെന്നൈ, ബംഗളൂരു നഗരങ്ങളിൽ പ്രവർത്തിക്കുന്ന ഇവർ സമീപകാലത്ത് കേരളത്തിൽ വന്നോയെന്നും അന്വേഷിക്കുന്നുണ്ട്. സമാന മോഷണങ്ങളുടെ വിവരങ്ങൾ തേടാനും പൊലീസ് ശ്രമം തുടങ്ങി.
കൊട്ടാരത്തിലെ സ്ഥിരം യൂട്യൂബർമാരും സന്ദർശകരും ഇതിനകം തന്നെ പൊലീസിന്റെ നിരീക്ഷണത്തിലാണ്. മോഷണം നടന്നതായി കരുതുന്ന കഴിഞ്ഞ ഒക്ടോബർ–നവംബർ മാസങ്ങളിൽ കൊട്ടാരത്തിലെത്തിയ മുഴുവൻ പേരുടെയും പട്ടിക പൊലീസ് ശേഖരിച്ചിട്ടുണ്ട്. കൊട്ടാരത്തിന്റെ പ്രത്യേകതകൾ, പഴക്കമേറിയ കാറുകൾ, പൗരാണിക മൂല്യമുള്ള വസ്തുക്കൾ എന്നിവ കേന്ദ്രീകരിച്ചുള്ള ചിത്രീകരണങ്ങളാണ് ഏറെയും നടന്നിട്ടുള്ളത്. ഇതിന് മോഷണവുമായി ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.















