ബെംഗളൂരു: കാന്താര സിനിമയിലെ ദൈവത്തെ പരിഹസിച്ചുവെന്ന പരാതിയിൽ ബോളിവുഡ് താരം രൺവീർ സിങിന് കോടതി താക്കീത് നൽകി. കേവലം ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ മാപ്പുപറഞ്ഞാൽ പൊരെന്നും, മനസ്താപത്തോടെ ദൈവ സന്നിധിയിൽ നേരിട്ടെത്തി ക്ഷമാപണം നടത്തണമെന്നും കർണാടക ഹൈക്കോടതി വ്യക്തമാക്കി.
കഴിഞ്ഞ വർഷം നടന്ന അന്താരാഷ്‌ട്ര ചലചിത്രോത്സവത്തിനിടെയായിരുന്നു വിവാദമായ സംഭവം. രൺവീർ കാന്താരയിലെ ദൈവക്കോലത്തെ ഒരു പെൺഭൂതം എന്ന് വിശേഷിപ്പിക്കുകയും ആ രംഗം അനുകരിക്കുകയും ചെയ്തു. ഇതാണ് വലിയ പ്രതിഷേധത്തിന് വഴിവെച്ചത്.
താരം നേരത്തെ സോഷ്യൽ മീഡിയയിൽ മാപ്പ് പറഞ്ഞിരുന്നെങ്കിലും അത് ആത്മാർത്ഥമല്ലെന്നായിരുന്നു പരാതിക്കാരന്റെ വാദം. താരത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ, രൺവീർ നിരുപാധിക മാപ്പപേക്ഷ കോടതിയിൽ സമർപ്പിക്കുമെന്നും നേരിട്ട് ചാമണ്ഡി ക്ഷേത്രദർശനം നടത്തുമെന്നും ഉറപ്പുനൽകി. ഏപ്രിൽ 10-ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ താരത്തിന്റെ ഭാഗത്തുനിന്നുള്ള ഈ നടപടികൾ കോടതി വിലയിരുത്തും.
താരത്തിന്റെ പുതിയ ചിത്രമായ ‘ധുരന്ധർ 2’-ന്റെ വലിയ വിജയത്തിനിടയിലും ഈ നിയമപോരാട്ടം രൺവീറിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.















