കാഠ്മണ്ഡു: നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി കെ പി ശര്‍മഒലി അറസ്റ്റില്‍. മുന്‍ ആഭ്യന്തര മന്ത്രി രമേശ് ലേഖകും അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലെ ജെന്‍സി പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തുന്നതുമായി ബന്ധപ്പെട്ട ഫയൽ ചെയ്ത മനപൂര്‍വമല്ലാത്ത നരഹത്യ കേസിലാണ് അറസ്റ്റ്.
കൊലപാതകം, ക്രിമിനല്‍ അശ്രദ്ധ എന്നീ കുറ്റങ്ങളാണ് ഒലിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇന്ന് രാവിലെയാണ് അവരെ അറസ്റ്റ് രേഖപ്പെടുത്തിയത് .
കാര്‍ക്കി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.ബലേന്ദ്ര ഷാ നേപ്പാളിന്റെ പുതിയ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഒരു ദിവസത്തിന് ശേഷമാണ് അറസ്റ്റ്. കെ പി ശര്‍മ ഒലിക്കെതിരെ നിയമപ്രകാരമുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും കാഠ്മണ്ഡു വാലി പൊലീസ് പറഞ്ഞു.
നേപ്പാളില്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ബാലേന്ദ്ര ഷാ ജെന്‍സി പ്രക്ഷോഭത്തിനെ കുറിച്ച് അന്വേഷിക്കാന്‍ ഒരു പാനല്‍ രൂപീകരിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം അടക്കമുള്ള ഇരുപത്തിയാറോളം സമൂഹമാധ്യമങ്ങള്‍ സര്‍ക്കാര്‍ നിരോധിച്ചതാണ് യുവാക്കളുടെ വ്യാപക പ്രതിഷേധത്തിന് വഴിതെളിച്ചത്. സാമൂഹികമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനത്തെ തുടര്‍ന്ന് നേപ്പാളില്‍ പൊട്ടിപ്പുറപ്പെട്ട ജെന്‍സി പ്രക്ഷോഭത്തില്‍ 70-ലധികം പേര്‍ കൊല്ലപ്പെട്ടു. ഈ കലാപം ഒലി സര്‍ക്കാരിന്റെ പതനത്തിലേക്ക് നയിക്കുകയും കെ പി ശര്‍മ ഒലിയും ആഭ്യന്തര മന്ത്രി രമേശ് ലേഖക് രാജി വെയ്‌ക്കുകയും ചെയ്തിരുന്നു.















