കൊല്ലം: കുണ്ടറയിലെ യുവതിയെ മർദ്ദിച്ച എസ് ഐ കിരണിന്റെ യൂണിഫോമിലുള്ള ഫോട്ടോ ഷൂട്ടിന്റെ ദൃശ്യങ്ങൾ പുറത്ത്. സ്റ്റേഷനിൽ എത്തിയ യുവാവിനെ ഇടിക്കാൻ ശ്രമിക്കുന്നതാണ് ദൃശ്യങ്ങളിലുളളത്.
പോലീസ് സ്റ്റേഷനിലെ എസ്ഐയുടെ റൂമിലായിരുന്നു ഷൂട്ടിംഗ് നടത്തിയത്.യൂണിഫോമിൽ ഇത്തരം ഫോട്ടോ ഷൂട്ട് നടത്തരുതെന്ന് ഡിജിപി യുടെ ഉത്തരവ് നിലനിൽക്കെയാണ് എസ് ഐ കിരണിന്റെ ഫോട്ടോഷൂട്ട്. എന്നാൽ എസ് ഐ ഫോട്ടോഷൂട്ട് സ്പെഷ്യൽ ബ്രാഞ്ചും ഉന്നത ഉദ്യോഗസ്ഥരും കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് ഭർത്താവിനൊപ്പം ക്ഷേത്രത്തിൽ ഉത്സവം കാണാൻ എത്തിയ യുവതിക്ക് നേരെ പോലീസ് അതിക്രമമുണ്ടായത്. കലാപരിപാടിക്കിടെ സംഘർഷമുണ്ടാവുകയും യുവതിയുടെ ഭർത്താവിനെ പൊലീസ് ബലമായി ജീപ്പിൽ കയറ്റാൻ ശ്രമിക്കുകയുമായിരുന്നു. ഇത് ചോദ്യം ചെയ്ത യുവതിക്ക് നേരെയായിരുന്നു പൊലീസ് അതിക്രമം. യുവതിയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകളുണ്ട്. പരുക്കേറ്റ യുവതി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം, യുവതിക്കും ഭർത്താവിനുമെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്.















