മറയൂർ: ഇടുക്കി മറയൂരിൽ ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടുപോത്ത് ഓടി പാഞ്ഞെത്തിയത് പഞ്ചായത്ത് ഓഫീസിനുള്ളിലേക്ക്. കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ടുപേർക്ക് പരുക്കേറ്റു.
മറയൂർ പഞ്ചായത്ത് ഓഫിസിലെ സെക്രട്ടറിയുടെ മുറിയിൽ കയറിയ പോത്ത് പുറത്തിറങ്ങാൻ കഴിയാതെ അവിടെ കുടുങ്ങി. ഈ സമയം ഓഫീസിനുള്ളിലുണ്ടായിരുന്ന ഉദ്യോഗസ്ഥരും നാട്ടുകാരും തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്. പലരും മേശപ്പുറത്തും തട്ടിൻപുറത്തും കയറിയാണ് ജീവൻ രക്ഷിച്ചത്.
വിവരമറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ കാട്ടുപോത്തിനെ ഓഫീസിന് പുറത്തെത്തിച്ചു. എന്നാൽ പുറത്തിറങ്ങിയ പോത്ത് കൂടുതൽ അക്രമാസക്തനാവുകയും വഴിയിലുണ്ടായിരുന്നവർക്ക് നേരെ പാഞ്ഞടുക്കുകയും ചെയ്തു. ഈ ആക്രമണത്തിൽ കുമുട്ടാംകുഴി ആദിവാസി ഉന്നതിയിലെ കാമാക്ഷി, സെൽവി എന്നിവർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാട്ടുപോത്ത് നിലവിൽ വനമേഖലയിലേക്ക് മാറിയെങ്കിലും പ്രദേശത്ത് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.















