കൊച്ചി: പീഡന കേസില്‍ റിമാന്‍ഡിലായ സംവിധായകന്‍ രഞ്ജിത്ത് ജയിലില്‍ തുടരും. കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും കോടതി ശനിയാഴ്ച പരിഗണിക്കും. നാളെയും മറ്റന്നാളും കോടതി അവധിയായതാണ് രഞ്ജിത്തിന് തിരിച്ചടിയായത്.
ഇന്നുച്ചയ്‌ക്ക് ശേഷമാണ് പ്രോസിക്യൂഷന്‍ രഞ്ജിത്തിന്റെ കസ്റ്റഡി അപേക്ഷ നല്‍കിയത്.കേസില്‍ രഞ്ജിത്തിനെ വിശദമായി ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. സംഭവം നടന്ന കാരവാന്‍ തിരിച്ചറിയേണ്ടതുണ്ട്. പ്രാഥമിക ചോദ്യം ചെയ്യല്‍ മാത്രമാണ് നടത്തിയത്. തെളിവുകള്‍ കണ്ടെത്തുന്നതിന് പ്രതിയെ കസ്റ്റഡിയില്‍ വിശദമായ ചോദ്യം ചെയ്യല്‍ നടത്തേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. കേസില്‍ രഞ്ജിത്തിനെ കോടതിയില്‍ നേരിട്ട് ഹാജരാക്കേണ്ടതുണ്ട്. കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ശനിയാഴ്ചയേ ഉണ്ടാകു എന്ന് കോടതി അറിയിച്ചു.
പൊലീസിന്റെ കസ്റ്റഡി അപേക്ഷ ശനിയാഴ്ച പരിഗണിക്കുമെന്ന് എറണാകുളം മജിസ്‌ട്രേറ്റ് കോടതി പറഞ്ഞു. ഇതിനുശേഷമാകും രഞ്ജിത്തിന്റെ ജാമ്യഹര്‍ജി കോടതി പരിഗണിക്കുക.
എന്നാൽ തനിക്കെതിരായ ലൈംഗികാതിക്രമ പരാതി വ്യാജമെന്ന് സംവിധായകന്‍ രഞ്ജിത്ത് പറഞ്ഞു. കള്ളപ്പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ട്. ശാരീരിക ബലം പ്രയോഗിക്കാനുള്ള കരുത്തില്ല. ആരോഗ്യസ്ഥിതി മോശമാണ്. തനിക്ക് നിരവധി ശത്രുക്കളുണ്ട്. യുവനടി ഐസിസിക്ക് മുന്നില്‍ പരാതി നല്‍കിയില്ലെന്നും രഞ്ജിത്ത് പറയുന്നു.
രഞ്ജിത്ത് സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണിയാണെന്നും, ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്നും പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.















