പാലക്കാട്: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിക്കെതിരെ മഹിളാമോര്‍ച്ച പോലീസില്‍ പരാതി നല്‍കി. മഹിളാമോര്‍ച്ചാ പാലക്കാട് ജില്ലാ പ്രസിഡന്റ് കവിതാ മേനോനാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്.
പിഷാരടി സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്നാണ് പരാതി. രഞ്ജിത്തിന്‍റെ കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ പീഡനമൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ കാര്യമാണ്, അതിൽ താൻ അഭിപ്രായം പറയുന്നത് ശരിയല്ല, എന്നൊരു പരാമര്‍ശം പിഷാരടി നടത്തി, ഇത് സ്ത്രീവിരുദ്ധമാണ് എന്നാണ് മഹിളാ മോര്‍ച്ചയുടെ വാദം. ഇത് ചൂണ്ടിക്കാട്ടിയാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ഇത്തരമൊരാള്‍ ഒരു കാരണവശാലും പൊതുരംഗത്ത് മുന്നോട്ട് പോകുന്നത് ശരിയല്ല, ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിൽ പ്രധാനമായും ഉന്നയിക്കുന്നത്. മാധ്യമപ്രവര്‍ത്തകരെ കാണുമ്പോഴായിരുന്നു രമേഷ് പിഷാരടിയുടെ പരാമര്‍ശമുണ്ടായത്.
പീഡനങ്ങളെ വ്യക്തിപരമായി ചിത്രീകരിക്കുക വഴി ഇരകളെയും സ്ത്രീത്വത്തെയും അവഹേളിക്കുകയാണ് പിഷാരടി ചെയ്തതെന്നും പരാതിയില്‍ പറയുന്നു. ഇതിനെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് മഹിളാ മോർച്ചാ ജില്ലാ പ്രസിഡന്റ് ആവശ്യപെട്ടു.















