ന്യൂഡല്‍ഹി: വനിതാ സംവരണ നിയമം നടപ്പിലാക്കുന്നതിലൂടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ലോക്സഭാ സീറ്റുകള്‍ നഷ്ടപ്പെടുമെന്ന പ്രചാരണം പച്ചക്കള്ളമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനസംഖ്യാ നിയന്ത്രണത്തില്‍ മികച്ച മാതൃക കാണിച്ച കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, ഗോവ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ സീറ്റുകളുടെ എണ്ണം കുറയില്ലെന്ന് ഉറപ്പാക്കുന്ന നിയമത്തിന് പാര്‍ലമെന്റിന്റെ അംഗീകാരം തേടുമെന്ന് അദ്ദേഹം വ്യക്തമാക്കി.
നിയമസഭകളിലും ലോക്സഭയിലും സീറ്റുകളുടെ എണ്ണം ഏകദേശം 50 ശതമാനം വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിലവിലെ 543 ലോക്സഭാ സീറ്റുകള്‍ 816 ആയി ഉയര്‍ത്തിയേക്കും. ഇങ്ങനെ വര്‍ദ്ധിപ്പിക്കുന്ന അധിക സീറ്റുകള്‍ പൂര്‍ണ്ണമായും സ്ത്രീകള്‍ക്കായി മാറ്റിവെക്കാനാണ് നീക്കം. വനിതാ സംവരണവുമായി ബന്ധപ്പെട്ട ബില്ലുകള്‍ പാര്‍ലമെന്റില്‍ തടസ്സമില്ലാതെ പാസാക്കാന്‍ കോണ്‍ഗ്രസ്, ഇടത് പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ പ്രധാനമന്ത്രി സ്ത്രീകളോട് ആഹ്വാനം ചെയ്തു. കഴിഞ്ഞ 40 വര്‍ഷമായി അമ്മമാരുടെയും സഹോദരിമാരുടെയും ഈ അവകാശം വൈകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയമനിര്‍മ്മാണ നടപടികള്‍ക്കായി ഏപ്രില്‍ 16 മുതല്‍ പാര്‍ലമെന്റ് വീണ്ടും സമ്മേളിക്കും. വിഷയത്തില്‍ ചര്‍ച്ചയ്‌ക്കായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ നിന്ന് കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഇടതുപക്ഷ പാര്‍ട്ടികള്‍ എന്നിവര്‍ വിട്ടുനിന്നിരുന്നു. ഇതിനു പകരമായി എല്ലാ കക്ഷികളുടെയും യോഗം വിളിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
ഏപ്രില്‍ 9-ന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളത്തില്‍ പ്രധാനമന്ത്രി നടത്തിയ ഈ പ്രഖ്യാപനം സ്ത്രീ വോട്ടര്‍മാരുടെ ഇടയില്‍ വലിയ സ്വാധീനം ചെലുത്തുമെന്നത് ഉറപ്പാണ്. സ്ത്രീവോട്ടർമാരുടെ വർദ്ധിച്ച സ്വാധീനമുള്ള പശ്ചിമ ബംഗാള്‍, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പു വരുന്നതിനാൽ അവിടെയും ഈ നീക്കം രാഷ്‌ട്രീയമായി ബിജെപിക്ക് മേൽക്കൈ നൽകും.















