ചെന്നൈ: ഐപിഎല്‍ 2026 സീസണില്‍ വന്‍ തിരിച്ചടിയോടെ ചെന്നൈ സൂപ്പര്‍ കിങ്‌സ്. കളിച്ച മൂന്ന് മത്സരങ്ങളിലും ദയനീയമായി പരാജയപ്പെട്ട സിഎസ്‌കെ പോയിന്റ് പട്ടികയില്‍ പിന്നിലായി. രാജസ്ഥാന്‍, പഞ്ചാബ്, ആര്‍സിബി എന്നീ ടീമുകള്‍ക്കെതിരെ ഏറ്റുവാങ്ങിയ പരാജയങ്ങള്‍ ടീമിനുള്ളിലെ ആത്മവിശ്വാസത്തെയും ബാധിച്ചിട്ടുണ്ട്.
ട്രേഡ് ഡീലിലൂടെ രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് ചെന്നൈയിലെത്തിയ മലയാളി താരം സഞ്ജു സാംസണിന്റെ മോശം പ്രകടനമാണ് ടീമിനെ ഏറ്റവും കൂടുതല്‍ വലയ്‌ക്കുന്നത്. ടി20 ലോകകപ്പില്‍ തിളങ്ങിയ താരം സിഎസ്‌കെ ജേഴ്‌സിയില്‍ ഇതുവരെ രണ്ടക്കം കടന്നിട്ടില്ല. 6, 7, 9 എന്നിങ്ങനെയാണ് ആദ്യ മൂന്ന് മത്സരത്തില്‍ സഞ്ജുവിന്റെ സ്‌കോര്‍. റണ്‍സ് കണ്ടെത്തുന്നതിലെ പരാജയത്തിനൊപ്പം സഞ്ജുവിന്റെ ശരീരഭാഷയിലും ആരാധകര്‍ അതൃപ്തി പ്രകടിപ്പിക്കുന്നു. മൈതാനത്ത് തീര്‍ത്തും നിരാശനായും ആവേശമില്ലാതെയും കാണപ്പെടുന്ന സഞ്ജു കുറച്ചു മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന ആവശ്യവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. ‘നിങ്ങളുടെ ആ പഴയ ആവേശം എവിടെ?’ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
തുടര്‍ച്ചയായ തോല്‍വികള്‍ യുവനായകന്‍ ഋതുരാജ് ഗെയ്ക്വാദിന്റെ ക്യാപ്റ്റന്‍സിയെയും സംശയനിഴലിലാക്കി. പരിചയസമ്പന്നനായ സഞ്ജു സാംസണെ ടീമിലെത്തിച്ചത് ഭാവി നായകനായി കണ്ടുകൊണ്ടാണെന്ന ചര്‍ച്ചകള്‍ ലേലത്തിന് മുന്‍പേ സജീവമായിരുന്നു. 2021 മുതല്‍ രാജസ്ഥാനെ നയിച്ച് പരിചയമുള്ള സഞ്ജുവിന്റെ സാന്നിധ്യം ഋതുരാജിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നാണ് മുന്‍ താരങ്ങളുടെ വിലയിരുത്തല്‍. 2019-ല്‍ 20 ലക്ഷത്തിന് ടീമിലെത്തിയ താരം 2022-ല്‍ 6 കോടി രൂപയ്‌ക്കാണ് നിലനിര്‍ത്തപ്പെട്ടത്. എം.എസ്. ധോണിക്ക് ശേഷം ചെന്നൈയുടെ നായകസ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടു.
രാജസ്ഥാനെ ഫൈനലില്‍ എത്തിച്ച നായകനെന്ന ഖ്യാതിയോടെയാണ് ഈ സീസണില്‍ ചെന്നൈ പാളയത്തിലെത്തിയത്. ഈ സീസണിലെ ചെന്നൈയുടെ ഇനിയുള്ള മത്സരങ്ങള്‍ നായകനെന്ന നിലയില്‍ ഋതുരാജിനും ബാറ്റിംഗില്‍ സഞ്ജുവിനും ഒരുപോലെ നിര്‍ണ്ണായകമാണ്. ഒരു തിരിച്ചുവരവ് സാധ്യമായില്ലെങ്കില്‍ ടീം മാനേജ്‌മെന്റ് കടുത്ത തീരുമാനങ്ങളിലേക്ക് കടന്നേക്കും.















