കൊച്ചി: പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് പൂജാ ജോമോന്‍ കോൺഗ്രസുമായി 20 ലക്ഷത്തിന്റെ ഡീല്‍ ഉറപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വിട്ട് ട്വന്റി-20 ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബ്. പൂതൃക്ക സഹകരണ ബാങ്ക് പ്രസിഡന്റ് അനിബെന്‍ കുന്നത്ത്, പൂതൃക്ക കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് പീറ്റര്‍ കുപ്ലാശ്ശേരി എന്നിവരാണ് പൂജയ്‌ക്കൊപ്പം ദൃശ്യങ്ങളിലുള്ളത്. പൂതൃക്ക സഹകരണ ബാങ്കിലേയ്‌ക്ക് വിളിച്ചുവരുത്തിയാണ് ഡീല്‍ ഉണ്ടാക്കിയത്.
അഞ്ച് ലക്ഷം പണമായും, ഏഴ് ലക്ഷത്തിന്റെ ബാങ്ക് ലോണും, അതിന്റെ പലിശയും ചേര്‍ന്ന് 15 ലക്ഷത്തിനായിരുന്നു ആദ്യ ഡീല്‍. എന്നാല്‍ ഡീലിന്റെ വിവരം പുറത്തായതോടെ 20 ലക്ഷം നൽകാൻ കോണ്‍ഗ്രസ് നേതൃത്വം സമ്മതിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം പൂജ ജോമോൻ ട്വന്റി-20 പാർട്ടിയിൽ നിന്നും രാജിവെച്ചിരുന്നു. പാർട്ടിയുടെ എൻഡിഎ പ്രവേശനത്തിൽ പ്രതിഷേധിച്ചാണ് തീരുമാനം എന്നാണ് പൂജ പറഞ്ഞത്. എന്നാൽ ഡീൽ ഉറച്ചതിന് പിന്നാലെയാണ് രാജി എന്നാണ് വിവരം.















