ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ മുൻ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകളും പാർലമെന്റ് അംഗവുമായിരുന്ന കെ കവിത രംഗത്ത്. രേവന്ത് റെഡ്ഡിയും കോൺഗ്രസും കേരളത്തിൽ പ്രചരിപ്പിച്ചതെല്ലാം നുണകളെന്നും തെലങ്കാനയിലേത് പോലെ കേരളത്തിലെ ജനങ്ങളെയും കോൺഗ്രസ് വഞ്ചിക്കുകയാണെന്നും കവിത എക്സിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.ഇന്ത്യൻ നാഷണൽ കോൺഗ്രസും രാഹുൽ ഗാന്ധിയും ചേർന്ന് തെലങ്കാനയെ വഞ്ചിച്ചു എന്നും അവർ പറഞ്ഞു.
തെലങ്കാനയുടെ മകൾ എന്ന നിലയിൽ കേരളത്തിലെ ജനങ്ങൾക്കുള്ള സന്ദേശം എന്ന മുഖവുരയോടെ തുടങ്ങുന്ന കവിതയുടെ പ്രതികരണത്തിൽ തെലങ്കാനയിൽ കോൺഗ്രസ്സും രേവന്ത് റെഡ്ഡിയും നടത്തിയ ജനവഞ്ചന അക്കമിട്ടു വിശദീകരിക്കുന്നു.
തെരഞ്ഞെടുപ്പിൽ ആറ് ഗ്യാരന്റികളാണ് തെലങ്കനായിലെ ജനങ്ങൾക്ക് കോൺഗ്രസ് വാഗ്ദാനം ചെയ്തത്. എന്നാൽ ഇതേവരേയ്‌ക്കും ഒന്നുപോലെ നടപ്പാക്കിയിട്ടില്ലെന്ന് കവിത പറഞ്ഞു. മാസത്തിൽ 2500 രൂപ വീതം സ്ത്രീകൾക്ക് നൽകുമെന്ന് ഉറപ്പ് നൽകി, എന്നാൽ ഇതുവരെ അത് നടപ്പാക്കിയിട്ടില്ല. ജോലി നൽകുമെന്ന് പറഞ്ഞ് യുവാക്കളെയും, ബോണസ് നൽകുമെന്ന് പറഞ്ഞ് കർഷകരെയും രേവന്ത് റെഡ്ഡി സർക്കാർ വഞ്ചിച്ചു. വാർധക്യ പെൻഷൻ തുക ഉയർത്തുമെന്നും രേവന്ത് വാഗ്ദാനം ചെയ്തിരുന്നു. ഇതേവരെ നടപ്പായില്ല. സംവരണം ഉറപ്പാക്കുമെന്ന് പിന്നാക്ക ജനവിഭാഗങ്ങൾക്ക് നൽകിയ ഉറപ്പും പാലിക്കപ്പെട്ടില്ല.
അഴിമതിയും വഞ്ചനയും മാത്രമാണ് തെലങ്കാനയിലെ കോൺഗ്രസിന്റെ ചരിത്രം പരിശോധിച്ചാൽ മനസിലാകുന്നത്. എപ്പോൾ വേണമെങ്കിലും പണംകൈക്കലാക്കാൻ കഴിയുന്ന ഒരു എടിഎം മാത്രമായിട്ടാണ് തെലങ്കാനയെ കോൺഗ്രസ് കേന്ദ്രനേതൃത്വം കാണുന്നത്. കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോൺഗ്രസ് ഒഴുക്കുന്നത് തെലങ്കാനയിലെ അഴിമതിപ്പണമാണെന്നും കവിത പറഞ്ഞു.















