തിരുപ്പതി: അഞ്ചുവയസ്സുള്ള മകന്റെ മുന്നില്‍ വെച്ച് തമിഴ്നാട് സ്വദേശിയായ ഗാന്ധി (45) എന്നയാളെ ഭാര്യയുടെ കാമുകനും കൂട്ടാളികളും ചേര്‍ന്ന് തലയ്‌ക്കടിച്ച് കൊന്നു. ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയില്‍ നടുക്കുന്ന കൊലപാതകം. കൊലപാതകത്തിന് ശേഷം ഭയന്നോടിയ കുട്ടി ഒരു രാത്രി മുഴുവന്‍ പിതാവിന്റെ മൃതദേഹത്തിനരികെ വനത്തില്‍ കഴിഞ്ഞു.
ഗാന്ധിയുടെ ഭാര്യ രാസാത്തി അടുത്തിടെയാണ് ഭര്‍ത്താവിനെയും മകനെയും ഉപേക്ഷിച്ച് കാമുകനായ നരസിംഹലുവിനൊപ്പം ഒളിച്ചോടിയത്. ഇവരെ തിരഞ്ഞാണ് ഗാന്ധി മകനെയും കൂട്ടി അന്നമയ്യയിലെത്തിയത്. വഴിയില്‍ വെച്ച് കണ്ടുമുട്ടിയ നരസിംഹലു, ഭാര്യയെ കണ്ടെത്താന്‍ സഹായിക്കാമെന്ന് ഗാന്ധിയെ വിശ്വസിപ്പിച്ചു. തുടര്‍ന്ന് മദ്യപിക്കാനെന്ന വ്യാജേന ഗാന്ധിയെയും കുട്ടിയെയും ബോയക്കോണ്ട യേനാഡിപാളയത്തെ വനമേഖലയിലേക്ക് കൊണ്ടുപോയി.
വനത്തിലെത്തിയ നരസിംഹലുവും രണ്ട് കൂട്ടാളികളും ചേര്‍ന്ന് കല്ലുകൊണ്ട് ഗാന്ധിയുടെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അച്ഛന്‍ കൊല്ലപ്പെടുന്നത് കണ്ട് പകച്ചുപോയ അഞ്ചുവയസ്സുകാരന്‍ സമീപത്തെ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്നു. പ്രതികള്‍ സ്ഥലം വിട്ടതിന് ശേഷം മൃതദേഹത്തിനരികെ തിരിച്ചെത്തിയ ബാലന്‍, പേടിപ്പെടുത്തുന്ന ആ വനത്തില്‍ പിതാവിന്റെ ശവശരീരത്തിന് കാവലായി നേരം വെളുക്കുവോളം ഇരുന്നു.
ചൊവ്വാഴ്ച രാവിലെ കാട്ടില്‍ നിന്ന് പുറത്തുകടന്ന കുട്ടി അടുത്തുള്ള ഗ്രാമത്തിലെത്തി നാട്ടുകാരോട് കരഞ്ഞുപറഞ്ഞതോടെയാണ് ക്രൂരമായ കൊലപാതക വിവരം പുറംലോകം അറിയുന്നത്. ഉടന്‍ തന്നെ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മുഖ്യപ്രതി നരസിംഹലുവിനെയും രണ്ട് സഹായികളെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഗാന്ധിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി. ക്രൂരമായ കാഴ്ചയ്‌ക്ക് സാക്ഷിയാകേണ്ടി വന്ന അഞ്ചുവയസ്സുകാരനെ നിലവില്‍ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.















