തിരുവനന്തപുരം: നിയമസഭയിൽ ബഹളം വെക്കാനല്ല, ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആണ് അവസരം ചോദിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജിവ് ചന്ദ്രശേഖർ. വട്ടിയൂർക്കാവ് മണ്ഡലത്തിലെ ജവഹർ വാർഡിലെ 12ാം ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യത്തെ ഉത്സവത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട് എല്ലാ അഞ്ച് കൊല്ലം കൂടുമ്പോഴും തെരഞ്ഞെടുപ്പ് വരും. ജനങ്ങൾക്ക് ലഭിക്കുന്ന സുവർണ അവസരമാണ്. നാടിന്റെയും ഭാവി തലമുറയുടെയും ദിശ നിർണയിക്കാനുള്ള സുപ്രധാന അവസരമാണ് ലഭിച്ചിരിക്കുന്നത്.
വികസിത കേരളം എന്ന ഒറ്റ ലക്ഷ്യം മുന്നോട്ടുവച്ചാണ് ബിജെപി വോട്ട് അഭ്യർത്ഥിച്ചത്. നിർണായകമായ ഒരു തെരഞ്ഞെടുപ്പാണ് എന്ന് ജനങ്ങൾക്കും ബോധ്യമുണ്ട്. വലിയൊരു മാറ്റം ജനങ്ങൾ സൃഷ്ടിക്കും എന്ന പൂർണ്ണ ആത്മവിശ്വാസം ഉണ്ട്. ബിജെപി അവസരം ചോദിക്കുന്നത് നിയമസഭയിൽ പോയി ബഹളം വയ്‌ക്കാനോ കമ്പ്യൂട്ടർ തകർക്കാനോ സ്പീക്കറുടെ ടേബിളിൽ പോയി ഭരതനാട്യം കളിക്കാനോ അല്ല. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള അവസരമാണ് ഞങ്ങൾ ചോദിക്കുന്നത്. അതിനുവേണ്ടിയാണ് ഞങ്ങൾ മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവരും ജനാധിപത്യ ഉത്സവത്തിന്റെ ഭാഗമാകണമെന്നും എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. മാറാത്തത് മാറ്റണമെന്നും കേരളം വളരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















