ന്യൂഡൽഹി: കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങൾ ഉൾപ്പെടെ ഇന്ത്യയിലെ ഒമ്പത് പ്രമുഖ നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ കുവൈറ്റ് വിമാന കമ്പനിയായ ജസീറ എയർവേയ്‌സ് താൽക്കാലികമായി റദ്ദാക്കി. പ്രവർത്തനപരമായ തടസ്സങ്ങൾ മുൻനിർത്തിയാണ് ഈ നടപടിയെന്ന് കമ്പനി അധികൃതർ അറിയിച്ചു.
ഏപ്രിൽ 10 മുതൽ മെയ് 15 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കണ്ണൂർ, കോഴിക്കോട്, കോയമ്പത്തൂർ, മധുര, തിരുച്ചിറപ്പള്ളി, ഗോവ, ലക്നൗ, മംഗലാപുരം, വിജയവാഡ എന്നീ നഗരങ്ങളിലേക്കുള്ള സർവീസുകളാണ് നിലവിൽ നിർത്തിവെച്ചിരിക്കുന്നത്.
ടിക്കറ്റ് തുക പൂർണ്ണമായും തിരികെ നൽകുമെന്ന് എയർവേയ്‌സ് അധികൃതർ വ്യക്തമാക്കി. എയർലൈനിന്റെ വെബ്‌സൈറ്റോ ആപ്പോ വഴി നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് തുക അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തന്നെ തിരികെ ലഭിക്കും. എന്നാൽ ട്രാവൽ ഏജൻസികൾ വഴി ടിക്കറ്റെടുത്തവർക്ക് തുക ‘ക്രെഡിറ്റ് ഷെൽ’ ആയിട്ടായിരിക്കും ലഭ്യമാകുക.
ഇന്ത്യയിലെ മറ്റ് എട്ട് നഗരങ്ങളിലേക്ക് സൗദിയിലെ ദമ്മാം വഴി ജസീറ എയർവേയ്‌സ് സർവീസ് തുടരും. എന്നാൽ നേരിട്ടുള്ള വിമാനങ്ങൾ ഇല്ലാത്തതിനാൽ ഈ റൂട്ടുകളിൽ യാത്രാസമയം വർദ്ധിക്കാൻ സാധ്യതയുണ്ട്. നിലവിൽ സർവീസ് തുടരുന്ന മറ്റ് നഗരങ്ങളിലേക്ക് ടിക്കറ്റ് എടുത്തവർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് സമയക്രമം ഔദ്യോഗികമായി പരിശോധിക്കണമെന്നും കമ്പനി നിർദ്ദേശിച്ചു.
വേനലവധി സീസൺ ആരംഭിക്കാനിരിക്കെ പെട്ടെന്നുണ്ടായ ഈ മാറ്റം നാട്ടിലേക്ക് പോകാനിരിക്കുന്ന പ്രവാസികളെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സീറ്റുകളുടെ എണ്ണം കുറയുന്നതോടെ മറ്റ് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്താൻ സാധ്യതയുണ്ട്.















