ന്യൂഡൽഹി: അലഹാബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മ തന്റെ പദവി രാജിവെച്ചു. ഔദ്യോഗിക വസതിയിൽ നിന്ന് വൻതോതിൽ പണം കണ്ടെടുത്തതിനെ തുടർന്ന് പാർലമെന്റിൽ ഇംപീച്ച്‌മെന്റ് നടപടികൾ പുരോഗമിക്കവേയാണ് ഈ അപ്രതീക്ഷിത നീക്കം. രാഷ്‌ട്രപതി ദ്രൗപദി മുർമുവിനാണ് ജസ്റ്റിസ് വർമ്മ രാജി സമർപ്പിച്ചത്.
2025 മാർച്ച് 14-ന് ഡൽഹി ഹൈക്കോടതി ജഡ്ജിയായിരിക്കെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലുണ്ടായ തീപിടുത്തത്തെ തുടർന്ന് തീ അണയ്‌ക്കാനെത്തിയ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരാണ് വസതിയിലെ സ്റ്റോർ റൂമിൽ ഒളിപ്പിച്ച നിലയിൽ കോടിക്കണക്കിന് രൂപയുടെ നോട്ടുകെട്ടുകൾ കണ്ടെത്തിയത്. ഇതിൽ പലതും ഭാഗികമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഈ സംഭവത്തെത്തുടർന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇൻ-ഹൗസ് അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണ സമിതിയുടെ റിപ്പോർട്ടിനെത്തുടർന്ന് അദ്ദേഹത്തെ അലഹാബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയിരുന്നു.
ലോക്‌സഭയിലെ 146 അംഗങ്ങൾ നൽകിയ നോട്ടീസിനെത്തുടർന്ന് സ്പീക്കർ ഓം ബിർള അന്വേഷണത്തിനായി മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. ജസ്റ്റിസ് അരവിന്ദ് കുമാർ (സുപ്രീം കോടതി), ജസ്റ്റിസ് ശ്രീ ചന്ദ്രശേഖർ (ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ്), മുതിർന്ന അഭിഭാഷകൻ വാസുദേവ ആചാര്യ എന്നിവരായിരുന്നു സമിതി അംഗങ്ങൾ.
തന്റെ വസതിയിൽ നിന്ന് പണം കണ്ടെടുത്തിട്ടില്ലെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നുമാണ് ജസ്റ്റിസ് യശ്വന്ത് വർമ്മ ഇതുവരെ വാദിച്ചിരുന്നത്.















