നവ്‌സാരി (ഗുജറാത്ത്): ഗുജറാത്തിലെ നവ്‌സാരിയില്‍ ജുവലറിയില്‍ കവര്‍ച്ചാശ്രമം നടത്തിയ സംഘത്തെ പോലീസ് പിടികൂടി. പിടിയിലായവരില്‍ ഐഎസ്ആര്‍ഒയിലെ മുന്‍ ഇന്റേണും എയറോനോട്ടിക്കല്‍ എന്‍ജിനീയറുമായ യുവാവും ഉള്‍പ്പെടുന്നു. വല്‍സാദ് സ്വദേശികളായ ഉമംഗ് വച്ചാനി (25), രജനീകാന്ത് മക്വാന (39), മനോജ് സൂര്യവംശി (23) എന്നിവരാണ് അറസ്റ്റിലായത്.
നവ്‌സാരിയിലെ ‘ചഞ്ചല്‍ ജുവലേഴ്സി’ലാണ് പ്രതികള്‍ കവര്‍ച്ചയ്‌ക്ക് പദ്ധതിയിട്ടത്. ഉമംഗും രജനീകാന്തും കടയ്‌ക്കകത്തേക്ക് കയറിയപ്പോള്‍ മനോജ് പുറത്ത് കാറില്‍ കാത്തുനിന്നു. എന്നാല്‍ ഉടമ അശോക് കതാരിയ കവര്‍ച്ചാശ്രമത്തെ ശക്തമായി പ്രതിരോധിക്കുകയും ബഹളം വെക്കുകയും ചെയ്തതോടെ പദ്ധതി പാളി. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഉമംഗ് വച്ചാനി ഉടമയ്‌ക്ക് നേരെ വെടിയുതിര്‍ത്തു. രണ്ട് വെടിയേറ്റ കതാരിയ നിലവില്‍ ചികിത്സയിലാണ്.
അഹമ്മദാബാദിലെ സില്‍വര്‍ ഓക്ക് സര്‍വകലാശാലയില്‍ നിന്ന് 2022-ല്‍ എയറോനോട്ടിക്കല്‍ എന്‍ജിനീയറിങ് പൂര്‍ത്തിയാക്കിയ ഉമംഗ്, ഐഎസ്ആര്‍ഒയുടെ അഹമ്മദാബാദ് യൂണിറ്റില്‍ ഏഴ് മാസത്തോളം ഇന്റേണായി പ്രവര്‍ത്തിച്ചിട്ടുണ്ട്. തുടര്‍ന്ന് ഒരു സ്വകാര്യ ഏറോസ്പേസ് സ്ഥാപനത്തിലും ഇയാള്‍ ജോലി ചെയ്തിരുന്നു. ഉന്നത വിദ്യാഭ്യാസം നേടിയിട്ടും 2023 മുതല്‍ അഹമ്മദാബാദിലെ വിവിധ സ്റ്റേഷനുകളിലായി 11 വാഹന മോഷണക്കേസുകളില്‍ ഉമംഗ് പ്രതിയാണ്. ഗുജറാത്തിലെ കടുത്ത നിയമമായ ‘പാസ’ പ്രകാരം ഇയാള്‍ മുന്‍പ് കരുതല്‍ തടങ്കലിലായിട്ടുണ്ട്.
വെബ് സീരീസുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഉമംഗ് കവര്‍ച്ച ആസൂത്രണം ചെയ്തതെന്ന് പോലീസ് സംശയിക്കുന്നു. തന്റെ സാങ്കേതിക അറിവ് ഇതിനായി ഉപയോഗിച്ചു. തിരിച്ചറിയാതിരിക്കാന്‍ മാസ്‌കും ഗ്ലൗസും ഓണ്‍ലൈനായി വാങ്ങിയിരുന്നു. ഇയാള്‍ക്ക് ഓണ്‍ലൈന്‍ ഗെയിമിംഗ് ലഹരിയുണ്ടെന്നും പോലീസ് പറഞ്ഞു. മുന്നൂറോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ലോക്കല്‍ ക്രൈം ബ്രാഞ്ചും സൈബര്‍ സെല്ലും ചേര്‍ന്നുള്ള സംഘം പ്രതികളെ വല്‍സാദില്‍ നിന്ന് പിടികൂടിയത്. നമ്പര്‍ പ്ലേറ്റ് അഴിച്ചുമാറ്റി കാര്‍ ക്വാറിയില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു. കവര്‍ച്ചയുടെ കൃത്യമായ ഉദ്ദേശം കണ്ടെത്താന്‍ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.















