‘പുതിയ ബാച്ച് ചിക്കനുണ്ട് അത് പൊരിച്ച് തരാം സാറേ, എലി ചത്ത് നാറിയതിനേക്കാൾ മോശം’; കേശവദാസപുരത്തെ ‘കെഎഫ്‌സി’യിൽ നിന്നും പുഴുവരിച്ച ദുർഗന്ധമുള്ള  ചിക്കൻ ലഭിച്ചതായി പരാതി

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: കേശവദാസപുരത്തെ കെഎഫ്‌സി ഔട്ട്‌ലെറ്റിൽ നിന്നും പുഴുവരിച്ച ദുർഗന്ധമുള്ള  ചിക്കൻ ലഭിച്ചതായി പരാതി. പ്രമുഖ ഫുഡ് വ്ലോഗർ ‘അൽ ഫുഡി സൂരജി’നാണ് ദുരനുഭവമുണ്ടായത്. ഔട്ട്ലെറ്റിൽ നിന്നുള്ള വീഡിയോ സൂരജ് തന്റെ പേജിൽ പങ്കുവച്ചിട്ടുണ്ട്.

സൂരജിന്റെ വാക്കുകൾ ഇങ്ങനെ…

ഏപ്രിൽ 11 ഉച്ചയ്‌ക്ക് മൂന്ന് മണിയോടെയാണ് കെഎഫ്സിയിൽ പോയത്. കഴിക്കാൻ തുടങ്ങിയപ്പോൾ നാറ്റം അനുഭവപ്പെട്ടു. എലി ചത്ത് നാറിയതിനേക്കാൾ മോശമായിരുന്നു. അപ്പോ തന്നെ കൗണ്ടറിൽ കൊണ്ടു കൊടുത്തു. ഇത് പഴയ ബാച്ച് ചിക്കനാണ്, പുതിയ ബാച്ച് ചിക്കനുണ്ട് അത് പൊരിച്ച് തരാം സാറെ എന്നാണ് അപ്പോൾ അവർ പറയുന്നത്. എനിക്ക് വേണ്ട എന്റെ പൈസ തന്നാൽ മതിയെ എന്ന് പറഞ്ഞു. അപ്പോൾ കുറെ പേർ സമാനമായ പരാതിയുടെ എത്തി. അവർക്കും അഴുകിയ പുഴുത്ത ചിക്കനാണ് കിട്ടിയത്. കുറെ കുട്ടികളും ഗർഭിണികളും അടക്കം അവിടെയുണ്ടായിരുന്നു.

ഭക്ഷണം കഴിച്ചപ്പോൾ തന്നെ വായയ്‌ക്കുള്ളിൽ വലിയ അസ്വസ്ഥത തോന്നി ഉടൻ തുപ്പിക്കളഞ്ഞു. ഫുഡ് പോയിസൺ അടിച്ച് എന്തെങ്കിലും സംഭവിച്ചാൽ ആര് ഉത്തരം പറയും? എന്ന് ഒരു സ്ത്രീ വീഡിയോയിൽ ചോദിക്കുന്നുണ്ട്.

നാല് ദിവസം കഴിഞ്ഞ ബോഡി പോലും ഇത്രയും നാറത്തില്ല, നല്ല സാധനം കൊടുക്കണ്ടെയെന്നും മറ്റൊരാൾ ചോദിക്കുന്നുണ്ട്. കുഞ്ഞ് കുറച്ചു കഴിച്ചു എന്നും എന്തെങ്കിലും പറ്റുമോ എന്ന് ആശങ്കയുണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്.

 

Share