ന്യൂഡൽഹി: ഛത്തീസ്ഗഢിലെ അവസാന കമ്യൂണിസ്റ്റ് ഭീകര നേതാവിനെയും കാലപുരിക്കയച്ച് സുരക്ഷാസേന. നിരോധിത സംഘടനയായ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ( മാവോയിസ്റ്റ്) വനിത നേതാവായ രൂപിയാണ് കൊല്ലപ്പെട്ടത്. കാങ്കർ പ്രദേശത്ത് മാവോയിസ്റ്റ് കേഡറുകളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷൻ.
നിരോധിത സംഘടനയുടെ ഏരിയ കമ്മിറ്റിയംഗമാണ് രൂപി. തെലങ്കാന സ്വദേശിയാണ് ഇവർ. പ്രദേശത്ത് അവശേഷിച്ച് അവസാനത്തെ മാവോയിസ്റ്റ് കേഡറാണ് രൂപിയെന്ന് കാങ്കർ പോലീസ് സൂപ്രണ്ട് നിഖിൽ രഖേച്ച പറഞ്ഞു.
കഴിഞ്ഞ ഓഗസ്റ്റിൽ മൊഹാല-മാൻപൂർ-അംബാഗഡ് ചൗക്കി ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ ഇവരുടെ ഭർത്താവ് വിജയ് റെഡ്ഡി കൊല്ലപ്പെട്ടിരുന്നു. നിരോധിത സംഘടനയുടെ ഏറ്റവും പ്രധാനപ്പെട്ട സംഘടനാ സമിതികളിലൊന്നായ ദണ്ഡകാര്യണ്യ സ്പെഷ്യൽ സോണൽ കമ്മിറ്റി അംഗമായിരുന്നു റെഡ്ഡി.
ബസ്തർ മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്ന 28-ാമത്തെ മാവോയിസ്റ്റ് കേഡറാണ് രൂപി. ബസ്തറിൽ മാത്രം കഴിഞ്ഞ നാല് മാസത്തിനുള്ളിൽ 400 ഓളം കമ്യൂണിസ്റ്റ് ഭീകരർ ആയുധങ്ങൾ ഉപേക്ഷിച്ച് മുഖ്യധാരയുടെ ഭാഗമായിരുന്നു. 15-16 ഭീകരർ മേഖലയിൽ അവശേഷിക്കുന്നുണ്ടെന്നും ഇവരിൽ ഭൂരിഭാഗവും ഇതിനകം ആയുധങ്ങൾ ഉപേക്ഷിച്ച് ഗ്രാമങ്ങളിൽ അഭയം തേടിയിരിക്കുകയാണെന്നും ഛത്തീസ്ഗഢ് പോലീസ് പറഞ്ഞു.















