ന്യൂഡല്‍ഹി: തമിഴ് പുതുവര്‍ഷമായ പുത്താണ്ടിനോടനുബന്ധിച്ച് ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണനെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു. ഇന്ന് ഉപരാഷ്‌ട്രപതിയുടെ ഔദ്യോഗിക വസതിയിലെത്തിയ പ്രധാനമന്ത്രി, അദ്ദേഹത്തോടൊപ്പം പ്രത്യേക പ്രാര്‍ത്ഥനകളിലും പങ്കെടുത്തു.
‘ഉപരാഷ്‌ട്രപതി തിരു സി.പി. രാധാകൃഷ്ണന്‍ ജിയെ സന്ദര്‍ശിക്കുകയും പുത്താണ്ടിന്റെ സവിശേഷ വേളയില്‍ ആശംസകള്‍ അറിയിക്കുകയും ചെയ്തു. എല്ലാവര്‍ക്കും നല്ല ആരോഗ്യവും സന്തോഷവും നിറഞ്ഞ ഒരു മികച്ച വര്‍ഷത്തിനായി പ്രാര്‍ത്ഥിക്കുന്നു,’ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
ഉപരാഷ്‌ട്രപതി ഭവനില്‍ വെച്ച് പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് സി.പി. രാധാകൃഷ്ണന്‍ പറഞ്ഞു. പുത്താണ്ടിന് പുറമെ ബൈശാഖി ആശംസകളും ഇരുവരും കൈമാറി.
‘സമാധാനവും ഐശ്വര്യവും ലോകനന്മയും നിറഞ്ഞ ഒരു പുതുവര്‍ഷത്തിനായി ഞങ്ങള്‍ പ്രാര്‍ത്ഥിച്ചു. നമ്മുടെ പൂര്‍വ്വികരുടെ ജ്ഞാനത്തെയും പാരമ്പര്യം, കുടുംബം, ആത്മീയത, അച്ചടക്കമുള്ള ജീവിതശൈലി എന്നിവയുടെ ഒത്തുചേരലിനെയും പുത്തണ്ട് എങ്ങനെ പ്രതിഫലിപ്പിക്കുന്നു എന്നതിനെക്കുറിച്ച് ഞങ്ങള്‍ സംസാരിച്ചു,’ ഉപരാഷ്‌ട്രപതി സമൂഹമാധ്യമത്തില്‍ കുറിച്ചു.
പുത്തണ്ടിന് പുറമെ ബൈശാഖി, റൊംഗാലി ബിഹു, മഹാ ബിഷുബ പാന സംക്രാന്തി, പൊയ്ല ബൈശാഖ്, വിഷു എന്നീ ആഘോഷ വേളകളിലും ഉപരാഷ്‌ട്രപതി രാജ്യത്തെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. ഈ ഊര്‍ജ്ജസ്വലമായ ഉത്സവങ്ങള്‍ ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത’ത്തിന്റെ ചൈതന്യത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യത്തെ ആഘോഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ തുടക്കങ്ങളുടെയും വിളവെടുപ്പിന്റെ സന്തോഷത്തിന്റെയും പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെയും അടയാളമാണ് ഈ ഉത്സവങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ഈ അവസരങ്ങള്‍ ഏവരുടെയും ജീവിതത്തില്‍ ഐക്യവും സമൃദ്ധിയും പ്രത്യാശയും നല്‍കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.














