ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ഇസ്രായേല്‍ വിദേശകാര്യമന്ത്രി ഗിദിയോണ്‍ സാറുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളും ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള ആശങ്കകളും ചര്‍ച്ചയില്‍ പ്രധാന വിഷയങ്ങളായതായി ജയശങ്കര്‍ അറിയിച്ചു. ഇറാന്‍ ആണവായുധങ്ങള്‍ കൈക്കലാക്കുന്നത് തടയാന്‍ യുറേനിയം സമ്പുഷ്ടീകരണം നിരോധിക്കുന്നതും ശേഖരം നീക്കം ചെയ്യുന്നതും ഉള്‍പ്പെടെയുള്ള ശക്തമായ നടപടികള്‍ വേണമെന്ന നിലപാടിനെ ജയശങ്കര്‍ പിന്തുണച്ചു. ആഗോള സുരക്ഷയ്‌ക്ക് ഇത് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ നടത്തുന്ന ‘സാമ്പത്തിക ഭീകരവാദം’ കപ്പല്‍ ഗതാഗതത്തിന് ഭീഷണിയാണെന്ന് ഗിദിയോണ്‍ സാര്‍ ചൂണ്ടിക്കാട്ടി. അന്താരാഷ്‌ട്ര നാവിക സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ആഗോളതലത്തില്‍ നടപടികള്‍ ആവശ്യമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ‘ഇസ്രായേലിന് മാത്രമല്ല, ഇന്ത്യയെപ്പോലെയുള്ള രാജ്യങ്ങള്‍ക്കും ഗള്‍ഫ് പങ്കാളികള്‍ക്കും ഈ പാതയിലൂടെയുള്ള ഗതാഗതം സുഗമമായി നടക്കേണ്ടത് അത്യാവശ്യമാണ്,’ സാര്‍ കൂട്ടിച്ചേര്‍ത്തു.
ഇറാനിയന്‍ തുറമുഖങ്ങളില്‍ ഉപരോധം ഏര്‍പ്പെടുത്താനുള്ള ഡോണാള്‍ഡ് ട്രംപിന്റെ തീരുമാനത്തെത്തുടര്‍ന്ന് മേഖലയിലെ സാഹചര്യം വഷളായിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നയതന്ത്ര ചര്‍ച്ച നടന്നത്. ആഗോള എണ്ണ-പ്രകൃതിവാതക വിതരണത്തിന്റെ 20 ശതമാനത്തോളം കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസ്സപ്പെടുന്നത് വലിയ ആശങ്കകള്‍ക്ക് കാരണമാകുന്നുണ്ട്.
ഊര്‍ജം, വ്യാപാരം എന്നീ മേഖലകളില്‍ സഹകരണം ശക്തമാക്കുന്നതിനായി എസ്. ജയശങ്കര്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഈ പുതിയ നയതന്ത്ര നീക്കം.















