ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്കും സമാധാന നീക്കങ്ങള്‍ക്കും മധ്യേ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ടെലിഫോണില്‍ ചര്‍ച്ച നടത്തി. കഴിഞ്ഞ ദിവസം നടന്ന നിര്‍ണ്ണായക സംഭാഷണത്തില്‍ ആഗോള പങ്കാളിത്തം ശക്തമാക്കുന്നതിനൊപ്പം തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷയും പ്രധാന ചര്‍ച്ചാവിഷയമായി.
പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ഇരുനേതാക്കളും പങ്കുവെച്ചു. യുഎസും ഇറാനും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷം ഇരുനേതാക്കളും തമ്മില്‍ നടത്തുന്ന ആദ്യ സംഭാഷണമാണിത്. ആഗോള വ്യാപാരത്തിന്റെ നട്ടെല്ലായ ഹോര്‍മുസ് കടലിടുക്ക് തുറന്നുകൊടുക്കുന്നതിനെക്കുറിച്ചും അതിന്റെ സുരക്ഷാ പ്രാധാന്യത്തെക്കുറിച്ചും മോദിയും ട്രംപും സംസാരിച്ചു.
വിവിധ മേഖലകളില്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഹകരണം അവലോകനം ചെയ്ത നേതാക്കള്‍, തന്ത്രപരമായ പങ്കാളിത്തം വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ഉയരങ്ങളിലെത്തിക്കുമെന്ന് ഉറപ്പുനല്‍കി. ‘എന്റെ സുഹൃത്ത് പ്രസിഡന്റ് ട്രംപുമായി സംസാരിക്കാന്‍ സാധിച്ചതില്‍ സന്തോഷം. ആഗോളതലത്തില്‍ ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. പശ്ചിമേഷ്യയിലെ സ്ഥിതിഗതികളും ഹോര്‍മുസ് കടലിടുക്കിന്റെ പ്രാധാന്യവും ചര്‍ച്ച ചെയ്തു,’ പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
ഏകദേശം 40 മിനിറ്റോളം നീണ്ടുനിന്ന സംഭാഷണത്തിനിടെ, ‘ഇന്ത്യയിലെ ജനങ്ങള്‍ താങ്കളെ സ്‌നേഹിക്കുന്നു’ എന്ന് പ്രധാനമന്ത്രി ട്രംപിനോട് പറഞ്ഞതായി ഇന്ത്യയിലെ യുഎസ് പ്രതിനിധി സെര്‍ജിയോ ഗോര്‍ വെളിപ്പെടുത്തി. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് ഇരു നേതാക്കളും ഫോണില്‍ സംസാരിക്കുന്നത്. പശ്ചിമേഷ്യയിലെ നിലവിലെ സംഭവവികാസങ്ങളെക്കുറിച്ച് ട്രംപ് മോദിയെ വിശദമായി ധരിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. ആഗോള ക്രമസമാധാനത്തിലും വ്യാപാര മേഖലയിലും ഇന്ത്യയുടെ നിലപാടിന് യുഎസ് നല്‍കുന്ന പ്രാധാന്യമാണ് ഈ ചര്‍ച്ചയിലൂടെ വ്യക്തമാകുന്നത്.















