നാസിക്: ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ (ടിസിഎസ്) നാസിക് യൂണിറ്റിൽ മതപരിവർത്തനശ്രമങ്ങളും ജീവനക്കാർക്ക് നേരെ പീഡനവും നടക്കുന്നുവെന്ന വെളിപ്പെടുത്തലുകൾക്ക് പിന്നാലെ, ജീവനക്കാരുടെ സുരക്ഷയും സൗകര്യവും മുൻനിർത്തി എല്ലാവരോടും വീട്ടിലിരുന്ന് ജോലി ചെയ്യാൻ മാനേജ്‌മെന്റ് നിർദ്ദേശം നൽകി.
ടീം ലീഡർക്കെതിരെ അതീവ ഗുരുതരമായ ലൈംഗികാധിക്ഷേപ പരാതിയുമായി ഒരു ജീവനക്കാരൻ രംഗത്തെത്തിയ വിവരം ഇപ്പോൾ പുറത്തുവരുന്നു. “നിനക്ക് കുട്ടികൾ വേണമെന്നുണ്ടെങ്കിൽ നിന്റെ ഭാര്യയെ എന്റെ അടുത്തേക്ക് അയക്കൂ” എന്ന് ടീം ലീഡർ പറഞ്ഞതായും, തന്നെക്കൊണ്ട് നിർബന്ധിച്ച് കലിമ ചൊല്ലിക്കുകയും നിസ്കരിപ്പിക്കുകയും ചെയ്തതായും, ലൈംഗികച്ചുവയുള്ള അധിക്ഷേപങ്ങൾക്ക് താൻ ഇരയായതായും ജീവനക്കാരൻ വെളിപ്പെടുത്തി. ഇതിന് തയ്യാറാകാത്തവർക്ക് നേരെ തൊഴിൽപരമായ പീഡനങ്ങൾ നടക്കുന്നുവെന്നുമാണ് ജീവനക്കാരുടെ പ്രധാന ആരോപണം. സംഭവത്തിൽ കൂടുതൽ ജീവനക്കാർ ഇപ്പോൾ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിട്ടുണ്ട്.
മതപരിവർത്തന ആരോപണം പുറത്തുവന്നതോടെ വിവിധ സംഘടനകൾ ടിസിഎസ് ഓഫീസിന് മുന്നിൽ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങാനുള്ള സാധ്യത കണക്കിലെടുത്ത് മഹാരാഷ്‌ട്ര പോലീസ് സ്ഥലത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ക്രമസമാധാന നില ഉറപ്പാക്കാൻ ഓഫീസ് പരിസരത്ത് വൻ പോലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്.
വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ദേശീയ മാധ്യമങ്ങൾ ചർച്ച നടത്തുമ്പോഴും, മലയാളത്തിലെ പ്രമുഖ മാധ്യമങ്ങളിൽ ഭൂരിഭാഗവും ആദ്യഘട്ടത്തിൽ ഇത് അവഗണിച്ചു. എന്നാൽ വിഷയത്തിൽ കൂടുതൽ പേർ അറസ്റ്റിലായതോടെ ചില മലയാള മാധ്യമങ്ങൾ വാർത്ത നൽകിത്തുടങ്ങിയിട്ടുണ്ട്.















