ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടി. ഹൈദരാബാദിലേക്ക് പുറപ്പെടാന്‍ തയാറെടുക്കുകയായിരുന്ന ആകാശ എയര്‍ വിമാനവും പാര്‍ക്കിങ് മേഖലയിലേക്ക് നീങ്ങുകയായിരുന്ന സ്പൈസ് ജെറ്റ് വിമാനവുമാണ് അപകടത്തില്‍പ്പെട്ടത്. വിമാനങ്ങളുടെ ചിറകുകള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്.
പാര്‍ക്കിങ് ബേയിലേക്ക് പ്രവേശിക്കുന്നതിനിടെ സ്പൈസ് ജെറ്റ് വിമാനത്തിന്റെ ചിറക് ആകാശ എയര്‍ വിമാനത്തില്‍ ഇടിക്കുകയായിരുന്നു. ആഘാതത്തില്‍ സ്പൈസ് ജെറ്റ് വിമാനത്തിന്റെ ചിറകിന്റെ ഒരു ഭാഗം ഒടിയുകയും അത് ആകാശ എയറിന്റെ ബോഡിയിലേക്ക് തുളച്ചുകയറുകയും ചെയ്തു. അപകടസമയത്ത് ആകാശ എയര്‍ വിമാനത്തിനുള്ളില്‍ യാത്രക്കാരുണ്ടായിരുന്നത് പരിഭ്രാന്തി പരത്തിയെങ്കിലും ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.
അപകടത്തെത്തുടര്‍ന്ന് ഹൈദരാബാദിലേക്കുള്ള ആകാശ എയര്‍ വിമാനത്തിന്റെ യാത്ര റദ്ദാക്കി. ഉടന്‍ തന്നെ വിമാനത്തിലുണ്ടായിരുന്നവരെ സുരക്ഷിതമായി താഴെയിറക്കി ടര്‍മിനലിലേക്ക് മാറ്റി. യാത്രക്കാരുടെ സൗകര്യാര്‍ത്ഥം ഹൈദരാബാദിലേക്ക് മറ്റൊരു വിമാനം സജ്ജമാക്കിയതായി ആകാശ എയര്‍ അധികൃതര്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
സംഭവത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനങ്ങള്‍ മാറ്റുന്നതിനിടെ ഗ്രൗണ്ട് സ്റ്റാഫിന് സംഭവിച്ച പിഴവാണോ അപകടകാരണമെന്ന് പരിശോധിച്ചുവരികയാണ്. തകരാര്‍ സംഭവിച്ച രണ്ട് വിമാനങ്ങളും അറ്റകുറ്റപ്പണികള്‍ക്കായി മാറ്റി.















