ബെംഗളൂരു: കിടപ്പിലായ വൃദ്ധമാതാവിനെ നാലാം നിലയിൽ നിന്ന് എറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ മകൻ അറസ്റ്റിലായി. ബുധനാഴ്ച ഉച്ചയോടെയാണ് മനസാക്ഷിയെ നടുക്കിയ ഈ സംഭവം നടന്നത്. 75 വയസ്സുകാരിയായ സാവിത്രമ്മയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ വെങ്കിടേഷ് എന്ന ദശരഥിനെ പോലീസ് അറസ്റ്റ് ചെയ്തു.
ആർ.ആർ നഗറിലെ ഒരു വാടക കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് വെങ്കിടേഷും കുടുംബവും താമസിച്ചിരുന്നത്. ബുധനാഴ്ച ഉച്ചയ്‌ക്ക് മൂന്ന് മണിയോടെ, തളർന്നു കിടപ്പിലായിരുന്ന അമ്മയെ വെങ്കിടേഷ് എടുത്ത് കെട്ടിടത്തിന്റെ നാലാം നിലയിൽ എത്തിക്കുകയും അവിടെ നിന്ന് താഴേക്ക് എറിയുകയുമായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ സാവിത്രമ്മ സംഭവസ്ഥലത്ത് തന്നെ മരിച്ചു. കൃത്യത്തിന് ശേഷം വീട്ടിലെത്തിയ വെങ്കിടേഷ് അകത്തുനിന്ന് വാതിലടച്ചു. കെട്ടിട ഉടമയായ ഇ. വിക്രം വലിയ ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന സാവിത്രമ്മയെ കണ്ടത്. ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
അമ്മയുടെ ചികിത്സാച്ചെലവും പരിചരണവും താങ്ങാനാവാത്തതാണ് തന്നെ ഈ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് വെങ്കിടേഷ് പോലീസിനോട് സമ്മതിച്ചു.”10 വർഷം മുമ്പ് അച്ഛൻ മരിച്ചതുമുതൽ അമ്മയെ ഞാനാണ് നോക്കിയിരുന്നത്. അഞ്ച് വർഷം മുമ്പ് പക്ഷാഘാതം വന്ന് അമ്മ തളർന്നു പോയി. അമ്മയെ നോക്കാൻ വേണ്ടി എനിക്ക് ജോലി പോലും ഉപേക്ഷിക്കേണ്ടി വന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കൊപ്പം അമ്മയുടെ ആരോഗ്യനിലയിൽ മാറ്റമില്ലാത്തതും എന്നെ മാനസികമായി തളർത്തി.”
വെങ്കിടേഷ് ഒരു ഷോറൂമിൽ അസിസ്റ്റന്റായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ ക്ലിനിക്കിൽ ഹെൽപ്പറായി ജോലി ചെയ്യുന്നു. സംഭവസമയത്ത് ഭാര്യ ജോലിക്ക് പോയിരിക്കുകയായിരുന്നു. ആർ.ആർ നഗർ പോലീസ് കൊലപാതകത്തിന് കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.















