തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ച്ചൂട് കഠിനമാകുന്നു. വിവിധ ജില്ലകളില്‍ താപനില ശരാശരിയിലും മൂന്ന് ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിന് പിന്നാലെ, പലയിടങ്ങളിലും സൂര്യതാപവും സൂര്യഘാതവും റിപ്പോര്‍ട്ട് ചെയ്തു. കൊല്ലം ജില്ലയിലാണ് സൂര്യതാപമേറ്റ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊല്ലം ചെമ്മാന്‍മുക്കില്‍ ട്രാഫിക് ഡ്യൂട്ടിയിലായിരുന്ന സി.പി.ഒ മനുവിനാണ് വെയിലത്ത് ജോലി ചെയ്യുന്നതിനിടെ മുഖത്ത് ഗുരുതരമായി പൊള്ളലേറ്റത്.
തേവലക്കരയില്‍ വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന ഷംസ മെഹബിന്‍ എന്ന അഞ്ചുവയസ്സുകാരിക്കും സൂര്യതാപമേറ്റു. കുട്ടിയുടെ മുഖത്താണ് പൊള്ളലേറ്റത്. ചൂട് ഏറ്റവും രൂക്ഷമായ പാലക്കാട് ജില്ലയില്‍ സൂര്യഘാതത്തെത്തുടര്‍ന്ന് കറവപ്പശു ചത്തു. മുണ്ടൂര്‍ സ്വദേശി ബേബി ജോര്‍ജിന്റെ എട്ടു വയസ്സുള്ള പശുവാണ് മേയാന്‍ വിട്ടതിനിടെ കുഴഞ്ഞുവീണത്. ശരീരത്തിലെ ജലാംശം പൂര്‍ണ്ണമായും നഷ്ടപ്പെട്ടതാണ് മരണകാരണമെന്ന് വെറ്ററിനറി ഡോക്ടര്‍ സ്ഥിരീകരിച്ചു. കടുത്ത ചൂടില്‍ ശ്വാസകോശം ചുരുങ്ങിയ നിലയിലായിരുന്നു. അപ്രതീക്ഷിതമായി ഉയരുന്ന ചൂട് കണക്കിലെടുത്ത് ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശങ്ങള്‍ നല്‍കി.
പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കുക. നിര്‍മ്മാണ തൊഴിലാളികള്‍, കര്‍ഷകര്‍ എന്നിവര്‍ ജോലി സമയം പുനഃക്രമീകരിക്കണം. ദാഹമില്ലെങ്കിലും ഇടയ്‌ക്കിടെ ധാരാളം ശുദ്ധജലം കുടിക്കുക. നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ ഒ.ആര്‍.എസ്, കഞ്ഞിവെള്ളം തുടങ്ങിയവ ഉപയോഗിക്കാം. വളര്‍ത്തുമൃഗങ്ങളെ ഉച്ചസമയത്ത് തണലിലേക്ക് മാറ്റണം. അവയ്‌ക്ക് കുടിക്കാന്‍ ആവശ്യത്തിന് വെള്ളം ലഭ്യമാണെന്ന് ഉറപ്പുവരുത്തണം. മലയോര മേഖലകളില്‍ നേരിയ ആശ്വാസമുണ്ടെങ്കിലും മറ്റ് ജില്ലകളില്‍ വരും ദിവസങ്ങളിലും ചൂട് ക്രമാതീതമായി ഉയരാനാണ് സാധ്യത.















