ലക്നൗ: ഉത്തർപ്രദേശിൽ ബലാത്സംഗ കേസ് പ്രതി പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഗാസിയാബാദിൽ നാല് വയസ്സുള്ള പെൺകുട്ടിയെ ബലാൽസംഗം ചെയ്ത പ്രതിയാണ് കൊല്ലപ്പെട്ടത്. ജസീം എന്ന ക്രിമിനലിനെയാണ് ഗാസിയാബാദ് പോലീസ് കൊലപ്പെടുത്തിയത്
ഏപ്രിൽ 11 നാണ് സംഭവം നടന്നത്. നാല് വയസ്സുള്ള അനന്തരവളെ മിഠായി നൽകി പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി, ലൈംഗികമായി പീഡിപ്പിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു. വീടിന് പുറത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെയാണ് പ്രതി എടുത്തു കൊണ്ടുപോയത്. ഈ സമയം കുട്ടിയും അന്ധനായ മുത്തച്ഛനും മാത്രമാണ് വിട്ടിലുണ്ടായിരുന്നുള്ളൂ. മാതാപിതാക്കളുടെ പരാതിയിൽ കുട്ടിക്കായി തെരച്ചിൽ നടത്തുന്നതിനിടെ കാറിനടിയിൽ നിന്നുമാണ് മൃതദേഹം ലഭിച്ചത്. പെൺകുട്ടിയുടെ വീടിനടുത്തുള്ള വാടക മുറിയിലാണ് പ്രതി താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. കുട്ടിയെ അവിടെ കൊണ്ടുപോയി ബലാത്സംഗം ചെയ്ത് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം പാർക്ക് ചെയ്‌തിരുന്ന കാറിനടിയിൽ ഉപേക്ഷിക്കുകയായിരുന്നു.
പ്രതി പോലീസിന് നേരെ വെടിയുതിർത്തപ്പോഴാണ് തിരിച്ചടിച്ചതെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിക്കായി പൊലീസ് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. മുസാഫർനഗർ നിവാസിയാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. പ്രതിയും കൂട്ടാളികളും ബൈക്കിൽ നഹർ പത്രി-ചിരൗഡി ഗ്രാമത്തിൽ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് സംഘം സ്ഥലത്തെത്തുകയായിരുന്നു. പ്രദേശം വളഞ്ഞ പൊലീസ് സംഘത്തിന് മുന്നിലൂടെ പ്രതി വെടിയുതിർത്ത് ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് ശക്തമായി തിരിച്ചടിക്കുയായിരുന്നു. ഏറ്റുമുട്ടലിൽ ഹെഡ് കോൺസ്റ്റബിൾമാരായ അമിത്, ഇഖ്ബാൽ എന്നീ പരുക്കേറ്റിട്ടുണ്ട്.















