കൊച്ചി: ജില്ലയില്‍ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും പെട്ട് മൂവാറ്റുപുഴയില്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. കനത്ത കാറ്റിലും മഴയിലും പെട്ട് കോടിക്കണക്കിന് രൂപയുടെ കൃഷിനാശവും കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നാശനഷ്ടങ്ങളും സംഭവിച്ചതോടെ ജില്ലയുടെ വിവിധ മേഖലകള്‍ ദുരിതത്തിലായി. മൂവാറ്റുപുഴ ആവോലി വള്ളിക്കട കടവില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികളാണ് ഒഴുക്കില്‍പ്പെട്ടത്. കാറ്ററിങ് ജോലിക്കുശേഷം മടങ്ങിയ അശ്വിന്‍, ക്രിസ് (17) എന്നിവരായിരുന്നു അപകടത്തില്‍പ്പെട്ടത്.
ഇതില്‍ അശ്വിന്റെ മൃതദേഹം തിരച്ചിലില്‍ കണ്ടെടുത്തു. കാണാതായ ക്രിസിനായി ഫയര്‍ഫോഴ്സും സ്‌കൂബ ടീമും പുഴയില്‍ ഊര്‍ജിതമായ തിരച്ചില്‍ നടത്തിവരികയാണ്. അങ്കമാലി, മൂവാറ്റുപുഴ താലൂക്കുകളിലാണ് കാറ്റ് ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. റബര്‍, കൊക്കോ, ജാതി തുടങ്ങിയ നാണ്യവിളകളും പച്ചക്കറി കൃഷികളും പൂര്‍ണ്ണമായും നശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്. നാശനഷ്ടങ്ങള്‍ തിട്ടപ്പെടുത്താന്‍ റവന്യൂ വിഭാഗം ഉടന്‍ പരിശോധന ആരംഭിക്കും.
ആലുവ എടക്കാട് ക്ഷേത്രത്തിലെ ഇരുന്നൂറോളം വര്‍ഷം പഴക്കമുള്ള വടവൃക്ഷം വീണത് വലിയ പരിഭ്രാന്തി പരത്തി. ആല്‍മരം വീണ് സമീപത്തെ കെട്ടിടത്തിനും കാറിനും വലിയ കേടുപാടുകള്‍ സംഭവിച്ചു. ജില്ലയുടെ പലയിടങ്ങളിലും മരങ്ങള്‍ വൈദ്യുതി ലൈനുകള്‍ക്ക് മുകളിലേക്ക് വീണതിനെത്തുടര്‍ന്ന് മണിക്കൂറുകളോളം വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. മഴ ശമിച്ചെങ്കിലും പുഴകളിലെ ഒഴുക്ക് വര്‍ധിച്ചിരിക്കുന്നതിനാല്‍ ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.















