പാലക്കാട് : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം പടരുന്നു. രോഗം ബാധിച്ച് സംസ്ഥാനത്ത് ഈ വർഷം ഇതുവരെ മരിച്ചത് 15 പേരാണ്. 83 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഏപ്രിൽ 12 വരെയുള്ള ആരോഗ്യ വകുപ്പിന്റെ കണക്കാണിത്.
ഈ മാസം 12 വരെ മാത്രം സംസ്ഥാനത്ത് 11 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരാൾ മരിക്കുകയും ചെയ്തു. ഏപ്രിൽ എട്ടിന് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ യുവാവാണ് മരിച്ചത്. ഇദ്ദേഹം നേരത്തെ ലിംഫോമ എന്ന തരം കാൻസർ ബാധിച്ച് തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയിലായിരുന്നു. രോഗബാധ എവിടെ നിന്നാണ് ഉണ്ടായതെന്ന് കണ്ടെത്തിയിട്ടില്ലെന്ന് പാലക്കാട് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. തിരുവനന്തപുരത്തുനിന്നാണ് ഇതിന്റെ ഫലം വരേണ്ടത്.
രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച, പാലക്കാട് കുഴൽമന്ദം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിലുള്ള 14 കാരൻ ശനിയാഴ്ചയും മരിച്ചു. ഈ ബാലനെ തൃശൂരിലേക്ക് റഫർ ചെയ്തിരുന്നു. എന്നാൽ, പരിശോധനാ ഫലം ലഭിക്കാത്തതിനാൽ അമീബിക് മസ്തിഷ്ക ജ്വരം കാരണമാണ് മരണമെന്ന് സ്ഥിരീകരിച്ചിട്ടില്ല.
അമീബിക് മസ്തിഷ്ക ജ്വരം പടരുന്ന സാഹചര്യത്തിൽ കുട്ടികളെ കുളങ്ങളിലും മറ്റും വിടരുതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ നിർദേശിച്ചു. അവധിക്കാലമായതിനാൽ കുട്ടികൾ കുളങ്ങൾ ഉൾപ്പെടെയുള്ള ജലാശയങ്ങളിൽ കുളിക്കാനും കളിക്കാനുമുള്ള സാധ്യത കൂടുതലാണ്. അമീബിക് സാന്നിധ്യം ഉണ്ടെങ്കിൽ അവ വെള്ളത്തിലൂടെ കുട്ടികളുടെ ശരീരത്തിലേക്ക് പ്രവേശിക്കാനും സാധ്യതയുണ്ട്.
വൃത്തിയില്ലാത്ത കുളങ്ങളിലും ജലാശയങ്ങളിലും പാറയിടുക്കുകളിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിലും കുളിക്കുകയോ നീന്തുകയോ, മുഖം കഴുകുകയോ ചെയ്യരുതെന്ന് ആരോഗ്യവകുപ്പ് നിർദേശിക്കുന്നു. നീന്തൽ കുളങ്ങളിൽ ശാസ്ത്രീയ ക്ലോറിനേഷൻ നടത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. അവധിക്കാലത്ത് കുട്ടികൾ ഇത്തരം ജലാശയങ്ങളിൽ ഇറങ്ങാനുള്ള സാധ്യത മുൻനിർത്തിയാണു മുന്നറിയിപ്പ്.
മലിനമായ ജലാശയങ്ങളിൽ അമീബിക് മസ്തിഷ്ക ജ്വരത്തിനു കാരണമായേക്കാവുന്ന രോഗാണുക്കൾ ഉണ്ടാകാൻ സാധ്യതയേറെയാണ്. മുങ്ങിക്കുളിക്കുകയും നീന്തുകയും ചെയ്യുന്നതുവഴി ഇത്തരം രോഗാണുക്കൾ തലച്ചോറിലെത്തി രോഗബാധയ്ക്കു സാധ്യതയുണ്ട്. മൂക്കിനെയും മസ്തിഷ്കത്തെയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ, കർണപടത്തിലെ സുഷിരങ്ങൾ എന്നിവ വഴി രോഗകാരിയായ അമീബ തലച്ചോറിലേക്കെത്തും.
ആരോഗ്യ വകുപ്പിന്റെ കണക്കുപ്രകാരം 2025ൽ സംസ്ഥാനത്താകെ 201 പേർക്കാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചത്. ഇതിൽ 47 പേർ മരിച്ചു. ഇതിൽ ചെറിയ കുട്ടികൾ മുതൽ വയോധികർ വരെ ഉൾപ്പെടും. പല കേസുകളിലും ഇപ്പോഴും കൃത്യമായ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
പനി, തലവേദന, ഓക്കാനം, ഛർദി, ബോധക്കേട്, കഴുത്തു തിരിക്കാനുള്ള ബുദ്ധിമുട്ട് / വേദന, നടുവേദന എന്നിവയാണു പ്രാരംഭ ലക്ഷണങ്ങൾ. തുടർന്ന് അപസ്മാരം, ബോധക്ഷയം, പരസ്പര ബന്ധമില്ലാതെ സംസാരിക്കൽ എന്നീ ലക്ഷണങ്ങളും ഉണ്ടാകാം. ആരംഭത്തിൽ തന്നെ ചികിത്സതേടി മരുന്നു കഴിച്ചിട്ടും പനി മാറുന്നില്ലെങ്കിലും ഇത്തരം ലക്ഷണങ്ങൾ ഉണ്ടെങ്കിലും വിദഗ്ധ ചികിത്സതേടണം. സമീപകാലത്ത് കുളത്തിലോ മറ്റോ മുങ്ങിക്കുളിച്ചിട്ടുണ്ടെങ്കിൽ അക്കാര്യവും ഡോക്ടറെ അറിയിക്കണമെന്നു അധികൃതർ അറിയിച്ചു.















