കുറ്റ്യാടി: കോഴിക്കോട് കുറ്റ്യാടിയിൽ യുവാവിനെയും യുവതിയെയും ആളൊഴിഞ്ഞ മലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കള്ളാട് പഞ്ചാരപറമ്പത്ത് പരേതനായ രാജന്റെ മകൻ അജേഷ് (35), പേരാമ്പ്ര സ്വദേശിയായ ശരണ്യ (28) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തൊട്ടിൽപാലം മാമ്പിലാട് മലയിലുള്ള ഒരു കശുമാവുമരത്തിലാണ് ഇവരെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ചൊവ്വാഴ്ച രാവിലെ മുതൽ ശരണ്യയെ കാണാനില്ലെന്ന് കാണിച്ച് ഭർത്താവ് രജീഷ് പേരാമ്പ്ര പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ശരണ്യയുടെ മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
മരിച്ച ശരണ്യയ്‌ക്ക് പത്തും ആറും വയസ്സുള്ള രണ്ട് കുട്ടികളുണ്ട്. തട്ടാൻകണ്ടിയിൽ ചന്ദ്രൻ-ശാന്ത ദമ്പതികളുടെ മകളാണ് ശരണ്യ. മരിച്ച അജേഷ് അവിവാഹിതനാണ്. സംഭവസ്ഥലത്തെത്തിയ തൊട്ടിൽപാലം പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.















