ബാംഗ്‌ളൂര്‍: ഭൂമിക്ക് പുറത്തും മനുഷ്യർക്ക് ദീർഘകാലം ജീവിക്കാനും ജോലി ചെയ്യാനും കഴിയുന്ന ബഹിരാകാശ ആവാസവ്യവസ്ഥയുടെ ആശയവുമായി ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല. ‘Bharatiya Habitable Expandable Extraterrestrial Habitat’ എന്നതിന്റെ ചുരുക്കപ്പേരായ B.H.E.E.M. (BHEEM) എന്ന ആശയമാണ് ശുഭാംശു ശുക്ല മുന്നോട്ടുവച്ചിരിക്കുന്നത്. ചന്ദ്രൻ, ചൊവ്വ തുടങ്ങിയ ആകാശഗോളങ്ങളിൽ ഭാവിയിൽ മനുഷ്യർക്ക് താമസിക്കാൻ ആവശ്യമായ സാങ്കേതികവിദ്യകൾ വികസിപ്പിക്കുകയാണ് ഗവേഷണത്തിന്റെ ലക്ഷ്യം.
റഷ്യയിൽ നിന്നുള്ള പരിശീലനം പൂർത്തിയാക്കി ഇന്ത്യയിലെത്തിയ ശേഷമുള്ള ശുഭാംശു ശുക്ലയുടെ ബഹിരാകാശ പരിശീലനത്തിന്റെ ഭാഗമായാണ് ഈ ഗവേഷണ ആശയം രൂപപ്പെട്ടത്. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (IISc) അലോക് ലാബിലാണ് BHEEM ആശയം വികസിപ്പിച്ചത്. ഇന്ത്യയുടെ വിക്ഷേപണ വാഹനത്തിന്റെയും ഓർബിറ്റൽ മൊഡ്യൂളിന്റെയും സംവിധാനങ്ങൾ പരിചയപ്പെടുന്നതിനൊപ്പം കഠിനമായ ശാരീരിക പരിശീലനവും ബഹിരാകാശ യാത്രയ്‌ക്കുള്ള തയ്യാറെടുപ്പുകളും ശുഭാംശു ശുക്ലയുടെ പരിശീലനത്തിന്റെ ഭാഗമായിരുന്നു.
B.H.E.E.M. — Bharatiya Habitable Expandable Extraterrestrial Habitat.
When we returned from our training in Russia, we began the Indian leg of our astronaut training. This involved learning the systems of the launch vehicle and orbital module, along with extensive physical and… pic.twitter.com/2Ubt0FiVbj
— Shubhanshu Shukla (@gagan_shux) September 1, 2026
എന്നാൽ ഭാവിയിലെ മനുഷ്യ ബഹിരാകാശ പര്യവേഷണവുമായി ബന്ധപ്പെട്ട അക്കാദമിക് ഗവേഷണങ്ങൾ നടത്താനും പരിശീലനത്തിന്റെ ഭാഗമായി അവസരം ലഭിച്ചു. ഇതോടെയാണ് താൻ സഞ്ചരിക്കാനിരിക്കുന്ന ബഹിരാകാശ പേടകത്തിനപ്പുറം ചിന്തിക്കാൻ തുടങ്ങിയതെന്ന് ശുഭാംശു ശുക്ല പറഞ്ഞു. “ബഹിരാകാശ പേടകത്തിൽ നിന്ന് ഇറങ്ങിയതിന് ശേഷം മനുഷ്യർ എവിടെ താമസിക്കും?” എന്ന ചോദ്യമാണ് ഗവേഷണത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസം സാധ്യമാക്കാനുള്ള ഗവേഷണം ദീർഘകാലം മുൻപേ ആരംഭിക്കണമെന്ന് ശുഭാംശു ശുക്ല ചൂണ്ടിക്കാട്ടി. “20 വർഷത്തിന് ശേഷം മനുഷ്യർ ഭൂമിക്ക് പുറത്തു ജീവിക്കണമെങ്കിൽ, ഗവേഷണം 20 വർഷത്തിന് ശേഷം ആരംഭിക്കാനാകില്ല. അത് ഇന്ന് തന്നെ ആരംഭിക്കണം,” എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഭാവിയിൽ ചന്ദ്രനിലും ചൊവ്വയിലും മനുഷ്യ സാന്നിധ്യം ഉറപ്പാക്കാനുള്ള ശ്രമങ്ങളിൽ ഇത്തരം ആവാസവ്യവസ്ഥകൾ നിർണായകമാകും.
മനുഷ്യ ബഹിരാകാശ ദൗത്യങ്ങളിൽ ഇന്ത്യയുടെ പദ്ധതികൾ കൂടുതൽ വിപുലമാകുന്ന ഘട്ടത്തിലാണ് ശുഭാംശു ശുക്ലയുടെ BHEEM ഗവേഷണം ശ്രദ്ധ നേടുന്നത്. ഗഗൻയാൻ ദൗത്യം ഇന്ത്യയുടെ മനുഷ്യ ബഹിരാകാശ യാത്രാ പദ്ധതികൾക്ക് അടിത്തറയിടുകയാണ്. ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലെ ദൗത്യങ്ങളിൽ നിന്ന് ഭാവിയിൽ ചന്ദ്രനിലേക്കും മറ്റ് ആകാശഗോളങ്ങളിലേക്കുമുള്ള മനുഷ്യ ദൗത്യങ്ങളിലേക്ക് ഇന്ത്യയുടെ ബഹിരാകാശ പദ്ധതികൾ വികസിക്കുമ്പോൾ, മനുഷ്യർക്ക് സുരക്ഷിതമായി താമസിക്കാനുള്ള സാങ്കേതികവിദ്യകളും അതിനൊപ്പം വളരേണ്ടതുണ്ട്.
സ്ഥാപിക്കുന്നതാകണമെന്നില്ല ആദ്യപടി ആ ആവാസവ്യവസ്ഥ എങ്ങനെയായിരിക്കുമെന്ന് ധൈര്യമായി സങ്കൽപ്പിക്കുന്നതായിരിക്കാം ആദ്യപടി,” എന്നാണ് ശുഭാംശു ശുക്ലയുടെ വാക്കുകൾ. ചന്ദ്രനിലും ചൊവ്വയിലും മനുഷ്യവാസത്തിനായുള്ള ആഗോള ശ്രമങ്ങൾ ശക്തമാകുമ്പോൾ, ഭാവിയിലെ ബഹിരാകാശ സഞ്ചാരികൾക്കുള്ള ‘വീട്’ എന്ന ആശയത്തിന്റെ ഗവേഷണവും ഇന്ത്യയിൽ തന്നെ രൂപംകൊള്ളുകയാണ്.















