ലഖ്‌നൗ: യുദ്ധകാലത്തോ അടിയന്തര സാഹചര്യങ്ങളിലോ സാധാരണ വിമാനത്താവളങ്ങളെ ആശ്രയിക്കാതെ തന്നെ വ്യോമസേനയുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ ലക്ഷ്യമിട്ടുള്ള വിപുലമായ അഭ്യാസപ്രകടനങ്ങള്‍ക്ക് സുല്‍ത്താന്‍പൂരില്‍ തുടക്കമായി. പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയിലെ 3.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള എമര്‍ജന്‍സി റണ്‍വേയിലാണ് വ്യോമസേനയുടെ കരുത്തുറ്റ യുദ്ധവിമാനങ്ങളും ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങളും ലാന്‍ഡ് ചെയ്തത്. വ്യോമസേനയുടെ കരുത്തരായ ജാഗ്വാര്‍, സുഖോയ് (Su-30 MKI), മിറാഷ് 2000 (Mirage 2000) എന്നീ യുദ്ധവിമാനങ്ങള്‍ എക്‌സ്പ്രസ് വേയില്‍ വിജയകരമായി ലാന്‍ഡിംഗും ടേക്ക്-ഓഫും നടത്തി.
Mi-17 V5 ഹെലികോപ്റ്ററുകളില്‍ നിന്ന് ഗരുഡ് കമാന്‍ഡോകള്‍ അതിവേഗം താഴേക്ക് ഇറങ്ങുന്ന ‘സ്ലിതറിംഗ്’ പ്രകടനം ചടങ്ങിലെ ശ്രദ്ധേയമായ കാഴ്ചയായിരുന്നു. C-295, AN-32 എന്നീ വിമാനങ്ങളും പരീക്ഷണത്തിന്റെ ഭാഗമായി റണ്‍വേയില്‍ ഇറക്കി. സാധാരണ റോഡുകളില്‍ നിന്ന് വ്യത്യസ്തമായി, അതിവേഗത്തില്‍ വരുന്ന യുദ്ധവിമാനങ്ങളുടെ ആഘാതം താങ്ങാനായി 320 mm കനത്തിലുള്ള പ്രത്യേക കോണ്‍ക്രീറ്റ് പാളികള്‍ കൊണ്ടാണ് ഈ ഭാഗം നിര്‍മ്മിച്ചിരിക്കുന്നത്. സുല്‍ത്താന്‍പൂര്‍ ജില്ലയിലെ കൂരേഭറിന് സമീപമുള്ള അര്‍വല്‍ കിരി കര്‍വത് എന്ന സ്ഥലത്താണ് ഈ എമര്‍ജന്‍സി സ്ട്രിപ്പ് സ്ഥിതി ചെയ്യുന്നത്.
2021-ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ഈ പാതയില്‍ അന്ന് തന്നെ സി-130 ജെ ഹെര്‍ക്കുലീസ് വിമാനം ഇറങ്ങി കരുത്ത് തെളിയിച്ചിരുന്നു. രണ്ട് ദിവസത്തെ അഭ്യാസപ്രകടനം വ്യാഴാഴ്ചയും തുടരും. ശത്രുരാജ്യങ്ങളുടെ ആക്രമണം മൂലം വ്യോമതാവളങ്ങള്‍ തകരുന്ന സാഹചര്യം ഉണ്ടായാല്‍ ദേശീയപാതകളെ എങ്ങനെ തന്ത്രപരമായി ഉപയോഗിക്കാം എന്നതിന്റെ നേര്‍ക്കാഴ്ചയായിരുന്നു ബുധനാഴ്ച നടന്ന ഈ സൈനിക പ്രകടനം.















