തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട മേക്കപ്പ് ആർട്ടിസ്റ്റ് ബിജീഷിന്റെ വിയോഗത്തിൽ ഓർമ്മകൾ പങ്കുവെച്ച് അനന്യ. തന്റെ പേഴ്സണൽ മേക്കപ്പ്മാനായി 13 വർഷം കൂടെ ഉണ്ടായിരുന്ന ആളാണ് ബിജീഷെന്നും, തനിക്കിത് വിശ്വാസിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നുെം അനന്യ പറഞ്ഞു.
“ബിജീഷ് ഇന്ന് രാവിലെ എഴുന്നേറ്റത് നിന്റെ വാർത്ത കേട്ടാണ്. വിശ്വസിക്കാൻ പറ്റാതെ ആകെ ഒരു സ്തംഭനം ആയിപ്പോയി. കഴിഞ്ഞദിവസം തൃശ്ശൂരിൽ ഉണ്ടായ സ്ഫോടനത്തിൽ നിന്നെ ഞങ്ങൾക്ക് നഷ്ടമായി എന്ന് ഉൾക്കൊള്ളാൻ പ്രയാസപ്പെടുന്നു. കഴിഞ്ഞ 13 കൊല്ലമായി എന്റെ കൂടെ എന്റെ പേഴ്സണൽ മേക്കപ്പ് ആർട്ടിസ്റ്റായി ബിജി ഉണ്ട്, ഒരു സഹോദര തുല്യനായി. വളരെ സേഫ് ആൻഡ് സെക്യുറായി കൂടെ നിന്നും, തമാശയും പറഞ്ഞ് എല്ലാ സ്വാതന്ത്ര്യത്തോടെയും വർക്ക്‌ചെതു. നിന്നെ മിസ്സ് ചെയ്യും ബിജി. വലിയ നഷ്ടമാണ് നീ പോയതിൽ ഉണ്ടായത്. നീ ഞങ്ങൾക്കിടയിൽ എവിടെയോ ഉണ്ട് എന്ന് വിശ്വസിക്കാനാണ് ആഗ്രഹം,”- അനന്യയുടെ വാക്കുകൾ
സിനിമാ-സീരിയൽ രംഗത്തെ നിരവധി പ്രമുഖർ ബിജീഷിന്റെ അപ്രതീക്ഷിത വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. അപകടത്തെത്തുടർന്ന് ചികിത്സയിലിരിക്കെയാണ് ബിജീഷ് മരിച്ചത്. ‘തുടക്കം’ എന്ന ചിത്രത്തിലാണ് ബിജീഷ് അവസാനമായി പ്രവർത്തിച്ചത്.















