ന്യൂഡൽഹി: ആംആദ്മി പാർട്ടിയിൽ വൻ പിളർപ്പ്. രാജ്യസംഭാംഗമായ പ്രമുഖ നേതാവ് രാഘവ് ഛദ്ദയടക്കം ഏഴ് എംപിമാർ ബിജെപിയിലേക്ക്. പത്ത് രാജ്യസഭാ അംഗങ്ങളുള്ള എ.എ.പിയിലെ മൂന്നിൽ രണ്ട് എം.പിമാരും തങ്ങളോടൊപ്പം ചേരുമെന്നും ഛദ്ദ അറിയിച്ചു. ബിജെപിയിൽ ചേരുന്ന എംപിമാരിൽ സ്വാതി മാലിവാൾ, ഹർഭജൻ സിംഗ്, സന്ദീപ് പഥക്, അശോക് മിത്തൽ, രജീന്ദർ ഗുപ്ത, വിക്രം സാഹ്നി എന്നിവരും ഉൾപ്പെടുന്നു.
രാജ്യസഭയിലെ ആം ആദ്മി പാർട്ടിയുടെ ഉപനേതാവ് സ്ഥാനത്ത് നിന്ന് ചദ്ദയെ നീക്കി പകരം അശോക് മിത്തലിനെ നിയമിച്ചതിന് ആഴ്ചകൾക്ക് ശേഷമാണ് ഈ കൂട്ട രാജി. ആം ആദ്മി പാർട്ടിക്ക് നിലവിൽ 10 രാജ്യസഭാ എംപിമാരുണ്ട്, അതിൽ വലിയൊരു പങ്കും പഞ്ചാബിൽ നിന്നാണ്.
‘തെറ്റായ പാർട്ടിയിൽ പ്രവർത്തിച്ചിരുന്ന ശരിയായ മനുഷ്യനായിരുന്നു ഞാൻ. അതുകൊണ്ടുതന്നെ ഞാൻ ആംആദ്മി പാർട്ടി വിട്ട് പോവുകയാണ്, അതായത്, ഞാൻ കുറച്ചുകൂടി ജനങ്ങളുടെ അടുത്തേക്ക് പോകുകയാണ്.’ ഛദ്ദ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
“ആം ആദ്മി പാർട്ടിയുടെ കുറ്റകൃത്യങ്ങളുടെ ഭാഗമാകാൻ ആഗ്രഹിക്കാത്തതിനാലാണ്” പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് സ്വയം അകലം പാലിച്ചതെന്ന് രാഘവ് ഛദ്ദ പറഞ്ഞു.
“അവരുടെ കുറ്റകൃത്യത്തിൽ ഞാൻ പങ്കാളിയല്ലാത്തതിനാൽ അവരുടെ സൗഹൃദത്തിന് ഞാൻ അർഹനല്ലായിരുന്നു. ഞങ്ങൾക്ക് രണ്ട് വഴികളേ ഉണ്ടായിരുന്നുള്ളൂ – ഒന്നുകിൽ രാഷ്‌ട്രീയം ഉപേക്ഷിച്ച് കഴിഞ്ഞ 15-16 വർഷമായി ഞങ്ങൾ ചെയ്തുവരുന്ന പൊതുപ്രവർത്തനം ഉപേക്ഷിക്കുക, അല്ലെങ്കിൽ ഞങ്ങളുടെ ഊർജ്ജവും അനുഭവവും ഉപയോഗിച്ച് പോസിറ്റീവ് രാഷ്‌ട്രീയം ചെയ്യുക,” ഛദ്ദ പത്രസമ്മേളനത്തിൽ പറഞ്ഞു.
ആംആദ്മി പാർട്ടി രൂപീകരിക്കുമ്പോൾ ഉണ്ടായിരുന്ന എല്ലാ മൂല്യങ്ങളിൽനിന്നും ആ പാർട്ടി ഇപ്പോൾ അകന്നിരിക്കുകയാണ് എന്നും അദ്ദേഹം ആരോപിച്ചു.
‘പതിനഞ്ചു വർഷമാണ് എ.എ.പിക്കു വേണ്ടി ഞാൻ സമർപ്പിച്ചത്. ഇപ്പോൾ സത്യസന്ധമായ രാഷ്‌ട്രീയത്തിൽനിന്ന് പാർട്ടി അകന്നുപോയിരിക്കുന്നു. തെറ്റായ പാർട്ടിയിലെ ശരിയായ വ്യക്തിയാണ് ഞാൻ. പാർട്ടി വിടുന്ന ഞാൻ ജനങ്ങളിലേക്കാണ് പോവുന്നത്.’ സന്ദീപ് പഥക്, അശോക് മിത്തൽ എന്നിവരോടൊപ്പം പത്രസമ്മേളനത്തിൽ സംസാരിക്കവേഛദ്ദ പറഞ്ഞു.















