തിരുവനന്തപുരം: മരണത്തിനും ജീവിതത്തിനുമിടയില്‍ നില്‍ക്കുന്ന സാധാരണക്കാര്‍ ആശ്രയിക്കുന്ന സംസ്ഥാനത്തെ പ്രമുഖ മെഡിക്കല്‍ കോളജില്‍ നിന്ന് കേട്ടാല്‍ അവിശ്വസനീയമെന്നു തോന്നുന്ന പടുവിഡ്ഢിത്തം. വയറുവേദനയുമായി ചികിത്സയ്‌ക്കെത്തിയ 24 വയസ്സുകാരനായ യുവാവിന്റെ സ്‌കാനിങ് റിപ്പോര്‍ട്ടില്‍ ‘ഗര്‍ഭപാത്രം’ ഉണ്ടെന്ന് രേഖപ്പെടുത്തിയ അധികൃതരുടെ നടപടി ആരോഗ്യവകുപ്പിന് തന്നെ നാണക്കേടായിരിക്കുകയാണ്. കഴക്കൂട്ടം സ്വദേശിയായ ഷിഹാസ് എന്ന യുവാവിനാണ് മെഡിക്കല്‍ കോളജിന്റെ അനാസ്ഥ മൂലം ഈ ദുരനുഭവം ഉണ്ടായത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് വയറുവേദനയെത്തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ നിന്ന് 2500 രൂപ നല്‍കി ഷിഹാസ് സിടി സ്‌കാന്‍ എടുത്തത്. ചികിത്സ കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷം വീണ്ടും വേദന അനുഭവപ്പെട്ടപ്പോള്‍ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ കാണിച്ചപ്പോഴാണ് കണ്ണ് തള്ളുന്ന ആ വിവരം പുറത്തുവന്നത്. യുവാവായ ഷിഹാസിന് ഗര്‍ഭപാത്രമുണ്ടെന്നും അത് സാധാരണ നിലയിലാണെന്നുമാണ് മെഡിക്കല്‍ കോളജിലെ സ്‌കാനിങ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ ഗുരുതരമായ പിഴവ് ചോദ്യം ചെയ്യാനായി മെഡിക്കല്‍ കോളജില്‍ തിരിച്ചെത്തിയ യുവാവിന് നേരിടേണ്ടി വന്നത് അതിലേറെ വിചിത്രമായ നടപടികളാണ്.
അധികൃതര്‍ ആദ്യം പിഴവ് സമ്മതിക്കാനോ വിശദീകരണം നല്‍കാനോ തയ്യാറായില്ല. യുവാവ് പ്രതിഷേധിച്ചതോടെ ജീവനക്കാരിലൊരാള്‍ പഴയ റിപ്പോര്‍ട്ടും വാങ്ങി അകത്തേക്ക് പോയി. വെറും 15 മിനിറ്റിനുള്ളില്‍ മറ്റൊരു സ്‌കാനിങ് പോലും നടത്താതെ പുതിയൊരു റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കി സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെന്നാണ് ഷിഹാസ് പറയുന്നത്. നീതിക്ക് വേണ്ടി സംസാരിച്ച യുവാവിനെ ആക്ഷേപിക്കാന്‍ ആശുപത്രി ജീവനക്കാര്‍ മുതിര്‍ന്നതായും പരാതിയുണ്ട്. ഒരു പുരുഷന്റെയും സ്ത്രീയുടെയും റിപ്പോര്‍ട്ടുകള്‍ തമ്മില്‍ തിരിച്ചറിയാന്‍ പോലും കഴിയാത്ത വിധം മെഡിക്കല്‍ കോളജിലെ ലാബ് സംവിധാനങ്ങള്‍ അധപതിച്ചോ എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം.
ആധുനിക സാങ്കേതിക വിദ്യകള്‍ ഉണ്ടെന്ന് അവകാശപ്പെടുമ്പോഴും, രോഗികളുടെ ജീവന്‍ വെച്ച് പന്താടുന്ന ഇത്തരം അശ്രദ്ധകള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം. സ്‌കാനിങ് നടത്താതെ തന്നെ പുതിയ റിപ്പോര്‍ട്ട് നല്‍കിയ നടപടി സ്‌കാനിങ് സെന്ററുകളുടെ വിശ്വാസ്യതയെ തന്നെ പൂര്‍ണ്ണമായും തകര്‍ക്കുന്നതാണ്.















