ബെംഗളൂരു: നഗരത്തിലെ അഡുഗോഡിയിലുള്ള വാടക ഫ്‌ളാറ്റിൽ മുപ്പത്തിനാലുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ഝാര്‍ഖണ്ഡ് ധന്‍ബാദ് സ്വദേശിനിയും മുൻ ബോഷ് കമ്പനി ജീവനക്കാരിയുമായ പൂജ ദത്തയെയാണ് രക്തത്തിൽ കുളിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച ഫ്‌ളാറ്റിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
പോലീസ് സ്ഥലത്തെത്തുമ്പോൾ ഫ്‌ളാറ്റ് അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. വാതിൽ തകർത്ത് അകത്തുകയറിയപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഭാഗികമായി അഴുകിയ നിലയിലായിരുന്നു. ഏകദേശം രണ്ട് ദിവസത്തിലധികം പഴക്കം മൃതദേഹത്തിനുണ്ടെന്നാണ് പ്രാഥമിക നിഗമനം. വീടിനുള്ളിലെ സാധനങ്ങൾ അലങ്കോലമായി കിടക്കുകയായിരുന്നു. മുറിക്കുള്ളിൽ പേപ്പറുകൾ കീറിപ്പറിഞ്ഞ നിലയിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെടുക്കാനായിട്ടില്ല.
വാതിൽ അകത്തുനിന്നും പൂട്ടിയ നിലയിലായതിനാൽ യുവതി സ്വയം ജീവനൊടുക്കിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എങ്കിലും മരണത്തിലെ ദുരൂഹത നീക്കാൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് അധികൃതർ. കഴിഞ്ഞ മൂന്ന് വർഷമായി പൂജ ദത്ത ബെംഗളൂരുവിൽ ഒറ്റയ്‌ക്കാണ് താമസിച്ച് വരുന്നത്. ഇവർ അവിവാഹിതയാണ്. യുവതി കുറച്ചുനാളുകളായി മാനസികമായ ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നതായും വീട്ടുകാരുമായി അധികം ബന്ധം പുലർത്തിയിരുന്നില്ലെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഏപ്രിൽ 23 വ്യാഴാഴ്ച സാധനങ്ങൾ വാങ്ങാൻ പുറത്തുപോയപ്പോഴാണ് അയൽവാസികൾ ഇവരെ അവസാനമായി കണ്ടത്. അതിനുശേഷം ഫ്‌ളാറ്റിന് പുറത്ത് ഇവരെ ആരും കണ്ടിട്ടില്ല.















