മധ്യപ്രദേശ്: ജബൽപൂരിലെ ബർഗി അണക്കെട്ടിൽ വിനോദസഞ്ചാര ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തകർ കണ്ടെടുത്ത ഒരു കാഴ്ച വിങ്ങലായി മാറുന്നു. നാല് വയസ്സുകാരനായ മകനെ മാറോടണച്ച് പിടിച്ച നിലയിലായിരുന്നു ഒരമ്മയുടെ മൃതദേഹം കണ്ടെത്തിയത്. ഒമ്പത് പേരുടെ ജീവൻ കവർന്ന ഈ ദുരന്തത്തിലെ ഏറ്റവും ഹൃദയഭേദകമായ ദൃശ്യമായിരുന്നു ഇത്.
വ്യാഴാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് മുപ്പതോളം യാത്രക്കാരുമായി പോയ ക്രൂയിസ് ബോട്ട് അപകടത്തിൽപ്പെട്ടത്. പെട്ടെന്നുണ്ടായ ശക്തമായ കാറ്റിലും മഴയിലുംപ്പെട്ട് ജലാശയം പ്രക്ഷുബ്ധമാവുകയും ബോട്ട് തലകീഴായി മറിയുകയുമായിരുന്നു.
സംഭവം നടന്നയുടൻ തന്നെ സംസ്ഥാന ദുരന്തനിവാരണ സേന, പ്രാദേശിക പോലീസ്, ജില്ലാ ഭരണകൂടം എന്നിവർ ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇതുവരെ 22 പേരെ സുരക്ഷിതമായി കരയ്‌ക്കടുപ്പിച്ചു. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. പ്രാദേശികവാസികളും രക്ഷാപ്രവർത്തനത്തിൽ സജീവമായി പങ്കുചേർന്നു.















