കൊച്ചി: അയ്യപ്പന്‍കാവില്‍ വല്ല്യച്ഛനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പിടിയിലായ അഭിജിത്ത് പ്രസാദ് മാതാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഏപ്രില്‍ 21-ന് വീട്ടില്‍ വെച്ചാണ് ഇയാള്‍ സ്വന്തം മാതാവിനെ ശാരീരികമായി ഉപദ്രവിച്ചത്. പ്രതിയുടെ ഈ ക്രൂരതയുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. യുവതിയുമായുള്ള വിവാഹത്തെ എതിര്‍ത്തതിന്റെ പേരില്‍ വീട്ടുകാര്‍ക്കെതിരെ ഇയാള്‍ നേരത്തെയും ആയുധമെടുത്തിരുന്നു എന്നാണ് വ്യക്തമാകുന്നത്.
അഭിജിത്തിന്റെ മര്‍ദ്ദനമേറ്റ അമ്മയും അച്ഛനും നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ സംഭവത്തില്‍ മുന്‍പ് പരാതി നല്‍കിയിരുന്നെങ്കിലും പോലീസ് നടപടിയെടുക്കാന്‍ വൈകിയതായി ആക്ഷേപമുണ്ട്. വിവാഹത്തിന് പ്രധാന തടസ്സം വല്ല്യച്ഛനായ സത്യപാലനാണെന്ന് കരുതിയാണ് ഇയാള്‍ കാറിടിപ്പിച്ച് വധിക്കാന്‍ മുതിര്‍ന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സത്യപാലന്‍ ഐസിയുവില്‍ തുടരുകയാണ്.
അയ്യപ്പന്‍കാവ് – ചിറ്റൂര്‍ റോഡില്‍ വെച്ച് വല്ല്യച്ഛന്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ തന്റെ കാറിടിപ്പിച്ച ശേഷം, സംശയം തോന്നാതിരിക്കാന്‍ അഭിജിത്ത് തന്നെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ അപകടത്തിലെ ദുരൂഹത തിരിച്ചറിഞ്ഞ ബന്ധുക്കള്‍ പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ സിസിടിവി പരിശോധനയില്‍ നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചത്. പ്രതി റോഡരികില്‍ കാറുമായി സത്യപാലനെ കാത്തുനില്‍ക്കുന്നത് ദൃശ്യങ്ങളിലുണ്ട്.
സത്യപാലന്‍ സ്‌കൂട്ടറില്‍ വരുമ്പോള്‍ പുറകെ പിന്തുടരുന്നതും കൃത്യമായ ആസൂത്രണത്തോടെ ഇടിച്ചിടുന്നതും സിസിടിവിയില്‍ വ്യക്തമാണ്. പച്ചാളത്ത് ട്രാവല്‍ ഏജന്‍സി നടത്തുന്ന അഭിജിത്ത് വിവാഹമോചിതയായ ഒരു യുവതിയുമായി പ്രണയത്തിലായിരുന്നു. ഈ ബന്ധം വീട്ടുകാര്‍ അംഗീകരിക്കാത്തതാണ് പ്രതിയെ പ്രകോപിതനാക്കിയത്. ലഹരി മരുന്നിന്റെ ഉപയോഗം ഇയാളെ ഇത്തരമൊരു ക്രിമിനല്‍ സ്വഭാവത്തിലേക്ക് നയിച്ചിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. പിടിയിലായ പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.















