തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ സന്നദ്ധസംഘടനകളും യുവജനസംഘടനകളും നടത്തുന്ന ഭക്ഷണപ്പൊതി വിതരണം തടയാനുള്ള സർക്കാർ നീക്കത്തിനെതിരെ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഭക്ഷണപ്പൊതി വിതരണം പുതിയ സർക്കാർ തടസ്സപ്പെടുത്തുന്നതെന്തിനെന്ന് മനസ്സിലാവുന്നില്ല. ഇതിൽ രാഷ്‌ട്രീയം കാണേണ്ട ഒരു കാര്യവുമില്ല.
പൊതിച്ചോറ് കഴിച്ചവരൊക്കെ അത് കൊടുത്തവർക്ക് വോട്ട് ചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല. കമ്യൂണിറ്റി കിച്ചൻ ഒന്നും കേരളത്തിൽ നടപ്പാവില്ല. കൊവിഡ് കാലത്തുതന്നെ അതു പൊളിഞ്ഞ് പാളീസായതാണ്. ഇക്കാര്യത്തിൽ ദുരഭിമാനം വെടിയുന്നതാണ് ആരോഗ്യവകുപ്പിന് നല്ലതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
സർക്കാർ ആശുപത്രികളിൽ സന്നദ്ധസംഘടനകളും യുവജനസംഘടനകളും ഭക്ഷണപ്പൊതി വിതരണം ചെയ്യുന്നതിനെ പുതിയ സർക്കാർ തടസ്സപ്പെടുത്തുന്നതെന്തിനെന്നു മനസിലാവുന്നില്ല. ഇതിൽ രാഷ്‌ട്രീയം കാണേണ്ട ഒരു കാര്യവുമില്ല. പൊതിച്ചോറ് കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ ബഹുമാനപ്പെട്ട കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല.
പിന്നെ ഭക്ഷണം കൊടുക്കുന്നവരുടെ ഐഡൻറ്റിറ്റി അറിയുന്നത് നല്ലതാണ്. കാരണം ഭക്ഷണം വൃത്തിയുള്ളതും കഴിച്ചതുമൂലം ഒരപകടവും വരാതിരിക്കാനും കൊടുക്കുന്നവർക്ക് ഉത്തരവാദിത്വമുണ്ടല്ലോ. പിന്നെ കമ്യൂണിറ്റി കിച്ചൻ ഒന്നും കേരളത്തിൽ നടപ്പാവില്ല. കോവിഡ് കാലത്തുതന്നെ അതു പൊളിഞ്ഞ് പാളീസായതാണ്. ഈ കാര്യത്തിൽ ദുരഭിമാനം വെടിയുന്നതായിരിക്കും ആരോഗ്യവകുപ്പിന് നല്ലത്.















