കൊച്ചി: സംസ്ഥാനത്ത് വേനല്‍ച്ചൂടിന് ആശ്വാസമായി വരും ദിവസങ്ങളില്‍ വ്യാപക മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇന്ന് മുതല്‍ അഞ്ച് ദിവസത്തേക്ക് വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ചില ജില്ലകളില്‍ അടുത്ത ഏതാനും മണിക്കൂറുകളില്‍ അതിശക്തമായ മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേക ജാഗ്രത വേണമെന്നും അധികൃതര്‍ അറിയിച്ചു.
അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ അതിശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോടു കൂടിയ മഴയ്‌ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റിനും ഇവിടെ സാധ്യതയുണ്ട്. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, നാളെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, മെയ് 4 ഇടുക്കി, പാലക്കാട്, മെയ് 5 എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട്, മെയ് 6 ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, വയനാട്, 24 മണിക്കൂറില്‍ 64.5 മി.മീ മുതല്‍ 115.5 മി.മീ വരെ മഴ ലഭിക്കാനാണ് സാധ്യത.
മെയ് 5 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ ഇടിമിന്നലിനും 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ട്. ഇടിമിന്നല്‍ മനുഷ്യജീവനും ഗൃഹോപകരണങ്ങള്‍ക്കും വലിയ നാശനഷ്ടമുണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ കാര്‍മേഘം കണ്ടുതുടങ്ങുമ്പോള്‍ തന്നെ സുരക്ഷിതമായ കെട്ടിടങ്ങള്‍ക്കുള്ളിലേക്ക് മാറാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം. തുറസായ സ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കണമെന്നും വൈദ്യുത ഉപകരണങ്ങളുമായുള്ള സമ്പര്‍ക്കം കുറയ്‌ക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു.















