ചെന്നൈ: ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ അറേബ്യ വിമാനത്തില്‍ ഞായറാഴ്ച പുലര്‍ച്ചെ അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറി. ലാന്‍ഡിംഗിന് ശേഷം വിമാനം പാര്‍ക്കിംഗ് ബേയിലേക്ക് നീങ്ങുന്നതിനിടെ എമര്‍ജന്‍സി എക്‌സിറ്റ് തുറന്ന് 34-കാരനായ തമിഴ്‌നാട് സ്വദേശി പുറത്തേക്ക് ചാടുകയായിരുന്നു. യാത്രക്കാരന്റെ ഈ അസാധാരണ നീക്കം വിമാനത്താവള അധികൃതരെയും മറ്റ് യാത്രക്കാരെയും ഒരുപോലെ പരിഭ്രാന്തിയിലാഴ്‌ത്തി.
ഷാര്‍ജയില്‍ നിന്ന് – ചെന്നൈയിലേക്ക് പുറപ്പെട്ട എയര്‍ അറേബ്യ എന്ന വിമാനത്തിലാണ് ഈ നാടക രംഗം. വിമാനത്തില്‍ ആകെ 231 യാത്രക്കാരുണ്ടായിരുന്നു. യാത്രയിലുടനീളം ശാരീരിക അസ്വസ്ഥതകളും ഛര്‍ദ്ദിയും അനുഭപ്പെട്ട ഇയാള്‍ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെന്ന് സഹയാത്രക്കാര്‍ മൊഴി നല്‍കി. യാത്രക്കാരന്‍ പുറത്തേക്ക് ചാടിയ ഉടന്‍ പൈലറ്റ് ജാഗ്രതയോടെ വിമാനം നിര്‍ത്തുകയും സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ചെയ്തു.
സംഭവത്തെത്തുടര്‍ന്ന് ചെന്നൈ വിമാനത്താവളത്തിലെ പ്രധാന റണ്‍വേ പുലര്‍ച്ചെ 03:23 മുതല്‍ ഒരു മണിക്കൂര്‍ നേരത്തേക്ക് അടച്ചിട്ടു. ഈ സമയത്തെ വിമാന സര്‍വീസുകള്‍ സെക്കന്‍ഡറി റണ്‍വേയിലേക്കാണ് മാറ്റിയത്. ‘സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ ഇയാളെ കസ്റ്റഡിയിലെടുത്തു. തുടര്‍നടപടികള്‍ക്കായി ചെന്നൈ പോലീസിന് കൈമാറിയ ഇയാളെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണ്.’
ആരോഗ്യപരമായ കാരണങ്ങളാലാണോ അതോ മറ്റ് അട്ടിമറി ലക്ഷ്യങ്ങളുണ്ടോ എന്ന കാര്യം പോലീസ് പരിശോധിക്കുന്നുണ്ട്. വിമാനം പൂര്‍ണ്ണമായും നിര്‍ത്തുന്നതിന് മുന്‍പ് സുരക്ഷാ വാതില്‍ തുറന്നത് വലിയ അപകടത്തിന് കാരണമാകുമായിരുന്നു. വിമാനത്തിനുള്ളിലെ സുരക്ഷാ ചട്ടങ്ങളുടെ ലംഘനത്തിന് ഇയാള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നാണ് സൂചന.















