പരപ്പനങ്ങാടി: മലപ്പുറം പരപ്പനങ്ങാടിയിൽ തെരുവുനായയുടെ ക്രൂരമായ ആക്രമണം. സദ്ദാം ബീച്ച് മുതൽ ഒട്ടുമ്മൽ വരെയുള്ള തീരദേശ മേഖലയിൽ കണ്ണിൽക്കണ്ടവരെയെല്ലാം കടിച്ചോടിയ നായ കുട്ടികളടക്കം എട്ടുപേരെയാണ് ആക്രമിച്ചത്. പരിക്കേറ്റവരിൽ പത്ത് വയസ്സിന് താഴെയുള്ള നാല് കുട്ടികളും ഉൾപ്പെടുന്നു.
പരിക്കേറ്റ എട്ടുപേരെയും ഉടൻ തന്നെ ആശുപത്രികളിൽ എത്തിച്ചു. പരിക്കേറ്റ കെ. ഫാത്തിമ (52), ഇ. അബ്ദു റസാഖ് (45) എന്നിവരെ തിരുരങ്ങാടി താലൂക്ക് ആശുപത്രിയിലും ഒരു വയസ്സുള്ള കെ. ഇംറാന്‍, രണ്ടു വയസുകാരന്‍ നാസിം എന്നിവർക്ക് മുഖത്ത് സാരമായി പരിക്കേറ്റു. നാലു വയസുകാരി അഫ്‌സ, ഹംദാന്‍ (എട്ട്), കെ. ഫാത്തിമ (52), സുബൈദ (54), മുജീബ് റഹ്‌മാന്‍ (50) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സദ്ദാം ബീച്ച് ഭാഗത്തുനിന്ന് ഓടിയെത്തിയ നായ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളെയും വഴിപോക്കരെയുമാണ് ആക്രമിച്ച് പരിക്കേൽപ്പിച്ചത്. പുത്തൻ കടപ്പുറം, ഒട്ടുമ്മൽ, ചാപ്പപ്പടി ഭാഗങ്ങളിലൂടെ ഓടിയ നായ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഒടുവിൽ നാട്ടുകാർ നായയെ പിന്തുടർന്ന് ഒട്ടുമ്മലിൽ വെച്ച് അടിച്ചുകൊന്നു.
പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമായിട്ടും വേണ്ട നടപടികൾ സ്വീകരിക്കാത്ത അധികൃതരുടെ നിലപാടിൽ നാട്ടുകാർ ശക്തമായ പ്രതിഷേധത്തിലാണ്. പിഞ്ചുകുഞ്ഞുങ്ങൾക്ക് പോലും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്നും നായ ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.














