തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി, നോണ്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപക നിയമനത്തിനായുള്ള സംസ്ഥാനതല യോഗ്യതാ പരീക്ഷയ്‌ക്ക് (SET – July 2026) എല്‍.ബി.എസ് സെന്റര്‍ അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മെയ് 22 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പരീക്ഷാ സിലബസും പ്രോസ്‌പെക്ടസും വെബ്‌സൈറ്റില്‍ ലഭ്യമാണ്.
അടിസ്ഥാന യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെയുള്ള ബിരുദാനന്തര ബിരുദവും (PG) ബി.എഡുമാണ് അടിസ്ഥാന യോഗ്യത്. എസ്.സി/എസ്.ടി, പി.ഡബ്ല്യു.ഡി വിഭാഗക്കാര്‍ക്ക് പി.ജി മാര്‍ക്കില്‍ 5 ശതമാനം ഇളവുണ്ട്. ചില പ്രത്യേക വിഷയങ്ങളെ ബി.എഡ് നിബന്ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കുന്ന LTTC, DLED കോഴ്‌സുകള്‍ പാസ്സായവരെയും പരിഗണിക്കും.
അവസാന വര്‍ഷ ബി.എഡ് വിദ്യാര്‍ത്ഥികള്‍ക്ക് (പി.ജി ഉള്ളവര്‍) പരീക്ഷയ്‌ക്ക് അപേക്ഷിക്കാം. അതുപോലെ പി.ജി അവസാന വര്‍ഷം പഠിക്കുന്നവര്‍ക്ക് (ബി.എഡ് ഉള്ളവര്‍) അപേക്ഷിക്കാവുന്നതാണ്. എന്നാല്‍ സെറ്റ് പരീക്ഷാ ഫലം വന്ന് ഒരു വര്‍ഷത്തിനകം നിശ്ചിത യോഗ്യത നേടിയിരിക്കണം.
ജനറല്‍/ഒ.ബി.സി: 1300 രൂപയാണ് ഫീസ്. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി 750 രൂപയും. പരീക്ഷ പാസ്സാകുന്ന പക്ഷം സമര്‍പ്പിക്കേണ്ട നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ 25/04/2025-നും 25/05/2026-നും ഇടയില്‍ എടുത്തതായിരിക്കണം. എസ്.സി/എസ്.ടി വിഭാഗക്കാര്‍ ഒറിജിനല്‍ ജാതി സര്‍ട്ടിഫിക്കറ്റും പി.ഡബ്ല്യു.ഡി വിഭാഗക്കാര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കേണ്ടതുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് എല്‍.ബി.എസ് സെന്ററിന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കുക.














