ഹൈദരാബാദ്: നഗരത്തിലെ സ്ത്രീസുരക്ഷയുടെ യഥാർത്ഥ അവസ്ഥ വിലയിരുത്താൻ അർധരാത്രിയിൽ വേഷം മാറി ബസ് സ്റ്റോപ്പിലെത്തിയ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയ്‌ക്ക് നേരിടേണ്ടി വന്നത് ദുരനുഭവങ്ങൾ. മൽകജ്ഗിരി പോലീസ് കമ്മീഷണർ വി. സുമതിയാണ് പരിശോധനയ്‌ക്കായി സാധാരണ യാത്രക്കാരിയുടെ വേഷത്തിൽ ദിൽസുഖ്‌നഗറിലെ ബസ് സ്റ്റോപ്പിലെത്തിയത്. വെറും മൂന്ന് മണിക്കൂറിനിടെ 40 പുരുഷന്മാരാണ് കമ്മീഷണറെ സമീപിച്ചത്.
രാത്രി 12:30 മുതൽ പുലർച്ചെ 3:30 വരെയായിരുന്നു കമ്മീഷണറുടെ ‘അണ്ടർ കവർ’ ദൗത്യം. ബസ് കാത്തുനിൽക്കുന്ന സാധാരണക്കാരിയെന്ന് കരുതിയാണ് യുവാക്കളും വിദ്യാർത്ഥികളും അടങ്ങുന്ന സംഘം മോശമായി പെരുമാറിയത്. കമ്മീഷണറെ സമീപിച്ചവരിൽ ഭൂരിഭാഗവും മദ്യത്തിന്റെയും കഞ്ചാവിന്റെയും ലഹരിയിലായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
കമ്മീഷണർ ഒറ്റയ്‌ക്കാണ് നിന്നതെങ്കിലും തൊട്ടടുത്ത് തന്നെ മഫ്തിയിൽ പോലീസ് സംഘം നിലയുറപ്പിച്ചിരുന്നു. സുമതിയോട് അശ്ലീല ചുവയോടെ സംസാരിക്കുകയും കൂടെ വരാൻ നിർബന്ധിക്കുകയും ചെയ്തവരെ പോലീസ് ഉടനടി കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിച്ചു വരികയാണ്. രാത്രികാല പട്രോളിംഗ് എത്രത്തോളം കാര്യക്ഷമമാണെന്ന് പരിശോധിക്കുകയായിരുന്നു ഈ മിന്നൽ ദൗത്യത്തിന്റെ ലക്ഷ്യം.
“നഗരത്തിൽ രാത്രി വൈകി യാത്ര ചെയ്യുന്ന സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ എത്രത്തോളമുണ്ടെന്ന് നേരിട്ട് ബോധ്യപ്പെടാൻ ഈ അനുഭവം സഹായിച്ചു. സ്വന്തം അനുഭവത്തിന്റെ പശ്ചാത്തലത്തിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ കർശനമായ നടപടികൾ സ്വീകരിക്കും,” എന്ന് കമ്മീഷണർ വി. സുമതി പ്രതികരിച്ചു. നഗര സുരക്ഷയിലെ പോരായ്മകൾ പരിഹരിക്കാൻ പട്രോളിംഗ് ശക്തമാക്കുമെന്നും അവർ കൂട്ടിച്ചേർത്തു.















