ഒഡീഷ: ഇന്ത്യയുടെ പ്രതിരോധ കരുത്ത് വിളിച്ചോതിക്കൊണ്ട്, പ്രതിരോധ ഗവേഷണ വികസന സംഘടനയും ഇന്ത്യൻ വ്യോമസേനയും ചേർന്ന് ‘താര’ (TARA – Tactical Advanced Range Augmentation) എന്ന അത്യാധുനിക ഗ്ലൈഡ് ആയുധത്തിന്റെ ആദ്യ പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയാക്കി. ഒഡീഷ തീരത്ത് ഇന്നലെയായിരുന്നു നിർണ്ണായകമായ ഈ പരീക്ഷണം നടന്നത്.
സാധാരണ ബോംബുകളെ കൃത്യതയാർന്ന ലക്ഷ്യവേധികളായി മാറ്റുന്ന ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ ഗ്ലൈഡ് ആയുധ സംവിധാനമാണിത്. ഹൈദരാബാദിലെ റിസർച്ച് സെന്റർ ഇമ്രത്ത് മറ്റു ഡി.ആർ.ഡി.ഒ ലബോറട്ടറികളുമായി ചേർന്നാണ് ‘താര’ വികസിപ്പിച്ചെടുത്തത്. കുറഞ്ഞ ചെലവിൽ നിർമ്മിക്കാവുന്നതും എന്നാൽ ശത്രുവിന്റെ കരയിലുള്ള ലക്ഷ്യങ്ങളെ അതീവ കൃത്യതയോടെ തകർക്കാൻ ശേഷിയുള്ളതുമാണ് ഈ സംവിധാനം.
ഈ ചരിത്ര നേട്ടത്തിൽ ഡി.ആർ.ഡി.ഒ, ഇന്ത്യൻ വ്യോമസേന, ഡി.സി.പി.പി എന്നിവരെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു. ഇന്ത്യയുടെ തദ്ദേശീയ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിലെ സുപ്രധാന നാഴികക്കല്ലാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. രാജ്യത്തിന്റെ സുരക്ഷാ മേഖലയിൽ സ്വാശ്രയത്വം കൈവരിക്കുന്നതിലേക്കുള്ള വലിയൊരു ചുവടുവെപ്പാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവിധ ഇന്ത്യൻ വ്യവസായ പങ്കാളികളുമായി ചേർന്ന് ഇതിനകം തന്നെ ഇതിന്റെ ഉത്പാദനം ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യൻ പ്രതിരോധ മേഖലയിൽ സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതി, ‘ആത്മനിർഭർ ഭാരത്’ എന്ന ലക്ഷ്യത്തിലേക്കുള്ള വലിയൊരു കുതിച്ചുചാട്ടമായാണ് വിലയിരുത്തപ്പെടുന്നത്.















