ന്യൂഡല്‍ഹി: തമിഴ്നാടിന്റെ ഒമ്പതാമത് മുഖ്യമന്ത്രിയായി അധികാരമേറ്റ വിജയ്‌ക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ വിജയ്യെ ടെലിഫോണില്‍ നേരിട്ട് വിളിച്ചാണ് പ്രധാനമന്ത്രി തന്റെ അഭിനന്ദനങ്ങള്‍ അറിയിച്ചത്. നേരത്തെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെയും അദ്ദേഹം ആശംസകള്‍ നേര്‍ന്നിരുന്നു.
പുതിയ സര്‍ക്കാരിന്റെ ഭരണകാലം തമിഴ്നാടിന് ഗുണകരമാകട്ടെ എന്ന് പ്രധാനമന്ത്രി ആശംസിച്ചു. സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമത്തിനും പുരോഗതിക്കുമായി കേന്ദ്ര സര്‍ക്കാര്‍ തമിഴ്നാട് സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്നും എല്ലാവിധ സഹകരണങ്ങളും ഉറപ്പാക്കുമെന്നും അദ്ദേഹം ടെലിഫോണ്‍ സംഭാഷണത്തിനിടെ വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ ഹൃദ്യമായ ആശംസകള്‍ക്ക് മുഖ്യമന്ത്രി വിജയ് നന്ദി രേഖപ്പെടുത്തി. ജനങ്ങളുടെ ക്ഷേമത്തിനും സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനുമാണ് തന്റെ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് അദ്ദേഹം മറുപടി നല്‍കി. ഈ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിന്റെ സജീവമായ പിന്തുണയും പങ്കാളിത്തവും തമിഴ്നാട് പ്രതീക്ഷിക്കുന്നതായും വിജയ് കൂട്ടിച്ചേര്‍ത്തു.
രണ്ട് ഭരണകൂടങ്ങള്‍ തമ്മിലുള്ള ഈ സൗഹൃദപരമായ സംഭാഷണം തമിഴ്നാടിന്റെ വികസന പാതയില്‍ നിര്‍ണ്ണായകമാകുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.















