കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റ് ചന്ദ്രനാഥ് റാത്തിന്റെ വധക്കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് വിശാൽ ശ്രീവാസ്തവ, രാജ് സിംഗ്, മായങ്ക് എന്നീ പ്രതികൾ പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ച രാത്രി 10:30-ഓടെയാണ് ഈ ആസൂത്രിതമായ കൊലപാതകം നടന്നത്.
അന്വേഷണ റിപ്പോർട്ടുകൾ പ്രകാരം, ചന്ദ്രനാഥ് റാത്തിനെ വധിക്കുന്നതിന് മുൻപ് പ്രതികൾ ഒരു ക്രിസ്റ്റ കാറിലാണ് സഞ്ചരിച്ചിരുന്നത്. പിന്നീട് ബൈക്കിലെത്തിയ രണ്ടംഗ സംഘം ചന്ദ്രനാഥിന്റെ കാറിന് നേരെ വെടിയുതിർക്കുകയായിരുന്നു. കൃത്യത്തിന് ശേഷം ഇവർ മൂന്ന് പേരും ചുവന്ന നിറത്തിലുള്ള മറ്റൊരു കാറിലേക്ക് മാറി. ആദ്യം ഉപയോഗിച്ചിരുന്ന വാഹനം ഉപേക്ഷിച്ച ശേഷമായിരുന്നു പ്രതികളുടെ പലായനം.
സംസ്ഥാനം കടക്കാൻ ശ്രമിക്കുന്നതിനിടെ ടോൾ പ്ലാസയിൽ വെച്ച് പ്രതികൾ നടത്തിയ യുപിഐ ഇടപാടാണ് കേസിൽ നിർണ്ണായക വഴിത്തിരിവായത്. ഈ പേയ്‌മെന്റ് വിവരങ്ങളും ടോൾ പ്ലാസയിലെ സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികളെ തിരിച്ചറിഞ്ഞതും പിടികൂടിയതും. പ്രതികളെ ബിഹാർ, ഉത്തർപ്രദേശ് പോലീസ് സേനകളുടെ സഹായത്തോടെയാണ് ബംഗാൾ പോലീസ് വലയിലാക്കിയത്. രണ്ട് പ്രതികളെ ബിഹാറിൽ നിന്നും ഒരാളെ ഉത്തർപ്രദേശിൽ നിന്നുമാണ് പിടികൂടിയത്.
നിലവിൽ കസ്റ്റഡിയിലുള്ള പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം, ഇതിന്റെ രാഷ്‌ട്രീയ പശ്ചാത്തലം, മറ്റാരെങ്കിലും ഗൂഢാലോചനയിൽ പങ്കാളികളാണോ തുടങ്ങിയ കാര്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.















