തിരൂര്‍: ആയുര്‍വേദ മസാജ് സെന്ററിന്റെ മറവില്‍ യുവാവിനെ കെണിയില്‍പ്പെടുത്തി പണവും സ്വര്‍ണ്ണാഭരണങ്ങളും തട്ടിയെടുത്ത കേസില്‍ മൂന്നംഗ സംഘം പിടിയിലായി. തിരുവനന്തപുരം സ്വദേശി സൗദ് (36), കോട്ടയം സ്വദേശി ജയന്തി (39), ഓച്ചിറ സ്വദേശി വീണ (39) എന്നിവരെയാണ് തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. തിരൂര്‍ ഏറ്റിരിക്കടവ് ഭാഗത്ത് പ്രവര്‍ത്തിക്കുന്ന ‘ഔറാ വെല്‍നസ്’ എന്ന സ്ഥാപനത്തിലാണ് സംഭവം നടന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് തെക്കന്‍ കുറ്റൂര്‍ സ്വദേശിയായ മനോജ് ഈ സെന്ററില്‍ എത്തിയത്. മനോജിന്റെ പക്കല്‍ പണമുണ്ടെന്ന് മനസ്സിലാക്കിയ പ്രതികള്‍ തന്ത്രപൂര്‍വ്വം ഇയാളെ ഹണിട്രാപ്പില്‍ കുടുക്കുകയായിരുന്നു. യുവാവിനെ വിവസ്ത്രനാക്കി ചിത്രങ്ങള്‍ പകര്‍ത്തുകയും തുടര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ഭീഷണിപ്പെടുത്തി 28,500 രൂപ, ഒന്നര പവന്റെ സ്വര്‍ണ്ണമാല, ബൈക്ക്, പവര്‍ബാങ്ക് എന്നിവ സംഘം കൈക്കലാക്കി.
കേസിലെ ഒന്നാം പ്രതിയായ സൗദ് മുന്‍പ് പത്തോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് കണ്ടെത്തി. ഇയാളുടെ പക്കല്‍ നിന്നും മനോജിന്റെ പൊട്ടിയ മാലയും ബൈക്കും വീണ്ടെടുത്തിട്ടുണ്ട്. അതേസമയം, സെന്ററിലെ സ്ത്രീകളെ ഉപദ്രവിച്ചു എന്ന പരാതിയില്‍ മനോജിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. തിരൂര്‍ ഡിവൈഎസ്പി എ.എം സിദ്ദിഖ്, എസ്.എച്ച്.ഒ അനില്കുമാര്‍ ടി. മേപ്പിള്ളി എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ വലയിലാക്കിയത്. ജില്ലയിലെ ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.















