ചണ്ഡീഗഢ്: പഞ്ചാബ് രാഷ്‌ട്രീയത്തില്‍ മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ ഞെട്ടിച്ചുകൊണ്ട് ബിജെപിയുടെ വന്‍ മുന്നേറ്റം. മുഖ്യമന്ത്രിയുടെ പിതാവിന്റെ അനുജന്റെ മകനും പ്രമുഖ രാഷ്‌ട്രീയ വിമര്‍ശകനുമായ ഗ്യാന്‍ സിങ് മന്‍ ബിജെപിയില്‍ അംഗത്വമെടുത്തു. ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സെയ്നി, പഞ്ചാബ് ബിജെപി അധ്യക്ഷന്‍ സുനില്‍ ഝാക്കര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ബിജെപി പാളയത്തിലെത്തിയത്. ഗ്യാന്‍ സിങ് മന്നിനൊപ്പം പഞ്ചാബിലെ പ്രമുഖ വ്യക്തിത്വങ്ങളും ബിജെപിയില്‍ ചേര്‍ന്നു എന്നത് ആം ആദ്മി പാര്‍ട്ടിക്ക് ഇരട്ടി പ്രഹരമായിരിക്കുകയാണ്.
ബര്‍ണാല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യവസായിയും എന്‍ആര്‍ഐയുമായ ബല്‍ജിന്ദര്‍ സിങ് ബര്‍ണാല, ജലാദാബാദ് എംഎല്‍എ ഗോള്‍ഡി കാംബോജിന്റെ പിഎ ആയിരുന്ന നേതാവ് മന്‍ജിന്ദര്‍ സിങ് സാജന്‍ ഖേര എന്നിവരും ബിജെപിയില്‍ ചേര്‍ന്നു. തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെയാണ് ഭരണകക്ഷിയെ പ്രതിരോധത്തിലാക്കി ഈ കൂടുമാറ്റം നടന്നിരിക്കുന്നത്. സ്വന്തം കുടുംബാംഗത്തെപ്പോലും വിശ്വാസത്തിലെടുക്കാന്‍ ഭഗവന്ത് മന്നിന് സാധിക്കുന്നില്ല എന്നത് സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്നു.
എഎപി സര്‍ക്കാരിന്റെ നയങ്ങളിലെ പാളിച്ചകള്‍ക്കെതിരെ നിരന്തരം ശബ്ദമുയര്‍ത്തിയിരുന്ന വ്യക്തിയാണ് ഗ്യാന്‍ സിങ് മന്‍. ബിജെപിയുടെ വികസന രാഷ്‌ട്രീയത്തോടുള്ള താല്പര്യമാണ് അദ്ദേഹത്തെ ഇങ്ങോട്ട് അടുപ്പിച്ചത്. രാഘവ് ഛദ്ദയുടെ നേതൃത്വത്തിലുള്ള എംപിമാര്‍ നേരത്തെ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ, അടിത്തട്ടിലും ബിജെപി സ്വാധീനം വര്‍ദ്ധിപ്പിക്കുന്നു എന്നതിന്റെ തെളിവാണ് ഈ നീക്കം. ‘പഞ്ചാബിന്റെ യഥാര്‍ത്ഥ വികസനത്തിന് ബിജെപിയാണ് ഏക പോംവഴിയെന്ന തിരിച്ചറിവിലാണ് കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടിയിലേക്ക് വരുന്നത്. ഇത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ വലിയ പ്രതിഫലനമുണ്ടാക്കും.’ – ബിജെപി നേതൃത്വം.















