ചെന്നൈ: ചെന്നൈ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്ന് അബുദാബിയിലേക്ക് തിരിക്കാനിരുന്ന വിമാനത്തിന് ടേക്ക് ഓഫിനിടെയുണ്ടായ സാങ്കേതിക തകരാര്‍ പരിഭ്രാന്തി പരത്തി. ചൊവ്വാഴ്ച രാവിലെ റണ്‍വേയിലൂടെ കുതിച്ചുതുടങ്ങുന്നതിനിടെ എയര്‍ക്രാഫ്റ്റിന്റെ എന്‍ജിന്‍ ഭാഗത്ത് അഗ്‌നിബാധ ശ്രദ്ധയില്‍പ്പെട്ടതോടെ യാത്ര അവസാനിപ്പിക്കുകയായിരുന്നു. എത്തിഹാദ് വിമാനമായിരുന്നു.
തീ ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ പൈലറ്റ് ടേക്ക് ഓഫ് നടപടികള്‍ ഉപേക്ഷിച്ചു. വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരും അഗ്‌നിശമന സേനയും മിനിറ്റുകള്‍ക്കുള്ളില്‍ സ്ഥലത്തെത്തി തീയണച്ചു. വിമാനത്തിലുണ്ടായിരുന്ന 280 യാത്രക്കാരെയും ജീവനക്കാരെയും യാതൊരു പരിക്കുകളുമില്ലാതെ അടിയന്തരമായി പുറത്തിറക്കി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
‘കൃത്യസമയത്ത് തീ കണ്ടെത്തി യാത്ര ഉപേക്ഷിച്ചതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. സാങ്കേതിക വിദഗ്ധര്‍ വിമാനം വിശദമായി പരിശോധിച്ചു വരികയാണ്.’ – എയര്‍പോര്‍ട്ട് അതോറിറ്റി. യാത്രക്കാര്‍ക്കായി ബദല്‍ ക്രമീകരണങ്ങള്‍ ഉടന്‍ ഏര്‍പ്പെടുത്തുമെന്ന് വിമാനക്കമ്പനി അറിയിച്ചു. റണ്‍വേയിലുണ്ടായ ഈ അടിയന്തര സാഹചര്യം ചെന്നൈയില്‍ നിന്നുള്ള മറ്റ് വിമാന സര്‍വീസുകളെ ബാധിച്ചില്ല.















