പാലക്കാട്: ഏറെ ജനപ്രിയരായിരുന്ന നിരവധി നിത്യഹരിത ഡിറ്റക്ടീവ് കഥാപാത്രങ്ങളുടെ സ്രഷ്ടാവ് പി. വിശ്വനാഥന്‍ എന്ന കണ്ണാടി വശ്വനാഥന്‍ (93) അന്തരിച്ചു. സിഐഡി മൂസ എന്ന ധീരസാഹസികനാണ് കണ്ണാടി വശ്വനാഥന്റെ കഥാപാത്രങ്ങളിൽ ഏറ്റവും പ്രശസ്തൻ.
കണ്ണാടി പ്രഭാമന്ദിരത്തില്‍ വിശ്വനാഥന്‍ നായര്‍ എന്ന കണ്ണാടി വിശ്വനാഥന്‍ ചെന്നൈയില്‍ 20 വര്‍ഷം തയ്യല്‍ ജോലി ചെയ്ത ശേഷം എഴുപതുകളില്‍ പാലക്കാട്ടെത്തി കുന്നത്തൂര്‍മേട്ടില്‍ അച്യുതന്‍ ബുക്ക് ഹൗസിനു സമീപം തയ്യല്‍ക്കട ആരംഭിക്കുകയായിരുന്നു. ഇത് മലയാളത്തിലെ ചിത്രകഥാ സാഹിത്യത്തില്‍ വഴിത്തിരിവായി മാറി. അന്ന് ഒറ്റ രൂപാ നോവലുകളിലൂടെ പ്രശസ്തമായിരുന്നു അച്യുതന്‍ ബുക്ക് ഹൗസിന്റെ ഉടമ എ അച്യുതന്‍ മലയാളത്തില്‍ പുതിയ അപസര്‍പ്പക ചിത്രകഥകള്‍ക്കുള്ള സാധ്യത ചൂണ്ടിക്കാട്ടിയപ്പോള്‍ വിശ്വനാഥൻ അത്തരം കഥകൾ ശൃഷ്ടിക്കാൻ തയ്യാറാവുകയായിരുന്നു.
സിനിമയിലും ടെലിവിഷനിലും പിന്നീട് ജനപ്രിയമായ പല ആശയങ്ങളും കഥാപാത്രങ്ങളും മലയാളി ആദ്യമായി കണ്ടത് അദ്ദേഹത്തിന്റെ കഥകളിലൂടെയായിരുന്നു.
ഏറെ പ്രശസ്തമായ ഇരുമ്പുകൈ മായാവി, സര്‍പ്പദ്വീപ്, മഞ്ഞുകട്ട രഹസ്യം എന്നിവ ഉള്‍പ്പെടെ 10 കൊല്ലം കൊണ്ട് 125 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. ഓരോന്നും 10,000 കോപ്പി അച്ചടിച്ചിട്ടുണ്ട്. ഒരുകാലത്ത് യുവതലമുറയുടെ ഹരമായിരുന്ന ഡിറ്റക്ടീവ് ചിത്രകഥകളായിരുന്നു ഇവയിലേറെയും. സിഐഡി മൂസയായിരുന്നു പ്രധാന നായകന്‍.സിനിമയിലൂടെ പുതിയ തലമുറ പരിചയപ്പെട്ട സിഐഡി മൂസ എന്ന കഥാപാത്രത്തെ മലയാളി ആദ്യമായി കണ്ടതു കണ്ണാടി വിശ്വനാഥന്റെ കഥകളിലൂടെയാണ്. ഇടയ്‌ക്ക് കഥയില്‍ മൂസയെ ഒഴിവാക്കിയപ്പോള്‍ പത്രാധിപര്‍ക്ക് വായനക്കാരുടെ ഭീഷണി കത്തു വരെ വന്നു.
സിഐഡി മഹേഷ്, സിഐഡി മൈക്കിള്‍, റിവോള്‍വര്‍ റിങ്കോ എന്നിവരും ഏറെ ശ്രദ്ധേയമായ കഥാപാത്രങ്ങളായിരുന്നു. നിയോകോമിക്സ് എന്ന പേരിലാണ് ചിത്രകഥകള്‍ പുറത്തിറക്കിയിരുന്നത്. ഒരു രൂപയായിരുന്നു പുസ്തകത്തിന്റെ വില. കണ്ണാടി വിശ്വനാഥനാന്റെ ‘ടമാാര്‍’, ‘പഠാാര്‍’എന്നീ രണ്ടുവാക്കുകള്‍ ഏറെ പ്രശസ്തമാണ്.ഹോളിവുഡില്‍ ‘ജുറാസിക് പാര്‍ക്ക്’ റിലീസ് ചെയ്യുന്നതിനു രണ്ട് പതിറ്റാണ്ട് മുന്‍പാണ് ‘രാക്ഷസപ്പല്ലികള്‍’ മലയാളത്തില്‍ ചിത്രകഥയായി പ്രത്യക്ഷപ്പെട്ടത്.
ചിത്രകഥകളുടെ സുവർണ്ണ കാലം അവസാനിച്ചപ്പോൾ അദ്ദേഹം വീണ്ടും തയ്യൽ ജോലിയിലേക്ക് മടങ്ങി. 1983-ൽ പുറത്തിറങ്ങിയ ‘ശൂന്യാകാശത്തിലെ ക്ഷുദ്രജീവികൾ’ ആയിരുന്നു അവസാന ചിത്രകഥ.
ഭാര്യ: പെരുവെമ്പ് എംബനത്ത് വീട്ടില്‍ ശാരദാമ്മ. മക്കള്‍: രേണുക, ശോഭ. മരുമക്കള്‍: അരവിന്ദന്‍, ഹരിപ്രസാദ്. സംസ്‌കാരം ഇന്ന് രാവിലെ 10ന് പാലക്കാട് ചന്ദ്രനഗര്‍ വൈദ്യുതി ശ്മശാനത്തില്‍.















